തൊടുപുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും മോശം ക്രമസമാധാന നിലയാണ് പിണറായി സർക്കാരിന്റെ കാലത്തേതെന്ന് കേരളാ കോൺഗ്രസ് (ജേക്കബ് )ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു. പാർട്ടി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യേന വർഗീയ സംഘർഷങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ക്രമസമാധാനം ഉറപ്പ് വരുത്തേണ്ട പൊലീസിന്റെ നിയന്ത്രണം സർക്കാരിന് നഷ്ടപ്പെട്ട അവസ്ഥയിലാണ്. കെ റെയിൽ പോലുള്ള ജനകീയ സമരങ്ങളെ അടിച്ചമർത്താനും പൊതുജനങ്ങളെ ക്രൂരമായി മർദ്ദിക്കാനുമാണ് പൊലീസിനെ സർക്കാർ ഉപയോഗിക്കുന്നത്. ഗുണ്ടകളും മയക്ക് മരുന്ന് മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് നോക്കുകുത്തിയായി മാറുകയാണ്. തൊടുപുഴയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആർ. ഗിരിജൻ, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുൽ പള്ളത്ത്പറമ്പിൽ, സാബു മുതിരക്കാല, ടോമി മൂഴിക്കുഴിയിൽ, സാം ജോർജ്ജ്, സിബിച്ചൻ മനയ്ക്കൽ, അനിൽ പയ്യാനിക്കൽ, ജോൺസൺ അലക്‌സാണ്ടർ, ജോസ് ചിറ്റടിയിൽ, ഔസേപ്പച്ചൻ ഇടക്കുളം, ബാബു വർഗീസ്, തോമസ് വണ്ടാനം എന്നിവർ സംസാരിച്ചു.