
പീരുമേട്: സ്വന്തമായി രണ്ട് സ്‌കൂൾ ബസ് ഉണ്ടായിട്ടും ഭിന്ന ശേക്ഷിയുള്ള മുപ്പതോളം വിദ്യാർത്ഥികൾ ഇപ്പോഴും കുത്തനെയുള്ള അരകിലോമീറ്റർ ദൂരം നടന്നു വേണം പാമ്പനാർ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെത്താൻ . ഇവരുൾപ്പടെ അഞ്ഞൂറോളം കുട്ടികളാണ് സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്നത്. ഇവരെ ദേശീയ പാതയിൽ സ്‌കൂൾ ബസിൽ എത്തിക്കുന്നു. അവിടെ നിന്നും ഭിന്നശേഷിക്കാരയ മുപ്പതോളം കുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ അരകിലോമീറ്റർ ദൂരം മാർക്കറ്റിലൂടെ കുത്തനെയുള്ള കയറ്റം കയറി വേണം സ്‌കൂളിലെത്താൻ. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭിന്ന ശേഷിയുള്ള കുട്ടികൾ ഉൾപ്പെടെ1173 കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ മക്കളാണ് ഇവരിൽ അധികവും. ചിദംബരം മരക്കാർ പ്ലാന്റേഷനിലൂടെയുള്ള റോഡിൽ കൂടി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാഹനങ്ങൾക്ക് സ്‌കൂൾ മുറ്റത്ത് എത്താൻ കഴിയും. തോട്ടത്തിൽ കൂടിയുള്ള ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്തിട്ടുണ്ട്. തോട്ടം ഉടമയുടെ അനുമതി ലഭിച്ചാൽ ബാക്കി ഭാഗം റോഡ് ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളുടെഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കാം എന്നറിയിച്ചിട്ടുണ്ട്. തോട്ടം ഉടമ തയ്യാറായാൽ പാമ്പനാർ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സ്‌കൂൾ മുറ്റത്ത് സുരക്ഷിതമായി എത്താൻ കഴിയുമെന്ന് പ്രധാന അദ്ധ്യാപകൻ രമേഷ് പറഞ്ഞു.