മൂന്നാർ: മൂന്നാറിലെ കെഡിഎച്ച്പി കമ്പനിക്കു കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷനും കാർബൺ നെറ്റ് നെഗറ്റീവ് എമിഷൻ പദവിയും ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ വൻകിട തേയില തോട്ടം മേഖലയിൽ നിന്നും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ കമ്പനിയായി കെഡിഎച്ച്പി നേട്ടം കൈവരിച്ചതായും ഈ അംഗീകാരം കെ. ഡി. എച്ച്. പി. കമ്പനിയുടെ സുസ്ഥിര പ്രവർത്തനങ്ങളുടെ മതിപ്പ് രേഖപ്പെടുത്തുന്ന നാഴികക്കല്ലാണെന്നും അവർ അറിയിച്ചു. കെഡിഎച്ച്പി കമ്പനി, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട് ലിമിറ്റഡിന്റെ അസോസിയറ്റ് സ്ഥാപനമാണ്. റിപ്പിൾ ടീ എന്ന ബ്രാൻഡിന്റെ ഉത്പ്പാദകരായ കെഡിഎച്ച്പി യിൽ പതിനായിരത്തിലധികം തൊഴിലാളികളുണ്ട്.

ആവാസവ്യവസ്ഥയുടെ എല്ലാ വശങ്ങളിൽ നിന്നും കാർബണിന്റെ ആഗിരണം കണക്കാക്കുവാൻ ബഹുമുഖ സമീപനമാണ് സ്വീകരിച്ചത്. ഇതിനായി നാൻസെൺ സെന്റർ റിമോർട്ട് സെൻസിംഗ്, ഡാറ്റാ വിശകലനത്തിനുള്ള ജി. ഐ. എസ് ടൂൾ, കാർബണിന്റെ സ്ഥിരീകരണത്തിനും അളവെടുപ്പിനുമുള്ള ഗ്രൗണ്ട് ട്രൂത്തിങ് എന്നീ മാർഗ്ഗങ്ങളും സ്വീകരിച്ചു.പരിസ്ഥിതി സംരക്ഷണം ഗ്രീൻ ഹൗസ് വാതക പുറന്തള്ളൽ കുറയ്ക്കുക സുസ്ഥിര വളർച്ച എന്നിവ കെഡി എച് പി സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ എല്ലാ പങ്കാളികളുമായി അതിന്റെ പ്രതിബദ്ധത നിറവേറ്റി വരുന്നതായും കെഡിഎച്ച്പി മാനേജിംഗ് ഡയറക്ടറും സി ഈ ഓ യുമായ കെ. മാത്യു എബ്രഹാം പറഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിന് തോട്ടം വ്യവസായം പ്രധാന പങ്കു വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കമ്പനിയുടെ ഭൂപ്രകൃതിയുടെ കാർബൺ ആഗിരണ പ്രവർത്തനങ്ങൾ സുസ്ഥിര കാർഷിക രീതികൾ പിന്തുടരുന്നതിനൊപ്പം പ്രകൃതിദത്ത സസ്യങ്ങളുടെ സംരക്ഷണത്തിനുള്ള ബോധപൂർവ്വകമായ ശ്രമങ്ങൾ എന്നിവയിലൂടെയാണ് കെഡിഎച്ച പി ക്ക ഈ പ്രധാന നേട്ടം കൈവരിക്കുവാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ കമ്പനിയുടെ തോട്ടങ്ങൾ 100 ശതമാനം റെയിൻ ഫോറസ്റ്റ് അലയൻസ്, ട്രസ്റ്റ് ടീ സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട് .