മുട്ടം: മികച്ച വിദ്യാഭ്യാസം നേടുന്ന യുവജനങ്ങളുടെ ബുദ്ധിയും കഴിവും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്ന അവസ്ഥ മാറണം. അത് കേരളത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കപ്പെടാനുള്ള സാഹചര്യം ഒരുക്കാൻ പദ്ധതികൾ ഉണ്ടാകണം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു പറഞ്ഞു. ദേശീയ ഉന്നത വിദ്യാഭ്യാസ സൂചികയിൽ മികച്ച നൂറു സ്ഥാപനങ്ങളിൽ 19 എണ്ണം കേരളത്തിന്റെ സംഭാവനയാണ്.സ്റ്റാർട്ടപ്പുകളും ഇൻകുബേഷൻ സെന്ററുകളും വ്യാപകമായി വരുന്നതോടുകൂടി കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറും.സെന്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ് സ്റ്റഡീസിനു കീഴിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ എസ്.എഫ്.സി.റ്റി.എസ്.എ യുടെ വാർഷിക സമ്മേളനം മുട്ടം എഞ്ചിനീയറിങ്ങ് കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ എം.പി. ഡോ: പി.കെ, ബിജു അദ്ധ്യക്ഷ വഹിച്ചു. കെ.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി.വി.വർഗ്ഗീസ്, സംഘടന പ്രസിഡന്റ് മനോജ്.എം.ജെ, ജനറൽസെക്രട്ടറി ഡോ. അബ്ദുൾ വഹാബ്, സെക്രട്ടറി ഡോ. അരുൺരാജ്, സുമ.വി.മാധവൻ, തിരുമേനി കെ.ആർ, അബ്ദുൾ അസീസ്, എ.അരവിന്ദ് എന്നിവർ സംസാരിച്ചു. എൻജിനീയറിങ്ങ് കോളേജ് ക്യാമ്പസ് പരിസരം ഔഷധ വനം ആക്കുന്ന പദ്ധതിയുടെ ഭാഗമായി ക്യാമ്പസ് മുറ്റത്ത് മന്ത്രി ഔഷധ വൃക്ഷത്തിന്റെ തൈ നട്ടു.