കട്ടപ്പന: അപ്രതീക്ഷിത ദുരന്തവാർത്തയുടെ ഞെട്ടലോടെയാണ് ഇന്നലെ പുറ്റടി നിവാസികൾ ഉറക്കമുണർന്നത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചെന്നും മകൾക്ക് ഗുരുതരമായി പൊള്ളലേറ്റെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. പിന്നീട് കട്ടപ്പന ഡിവൈ.എസ്.പിയും ഫോറൻസിക് വിദഗ്ദ്ധരും എത്തിയ ശേഷമാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. രവീന്ദ്രന്റെ മൂത്തമകൾ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതോടെ രവീന്ദ്രൻ മാനസിക സമ്മർദ്ദത്തിലായിരുന്നെന്നാണ് സൂചന. ഒരു വർഷം മുമ്പ് രവീന്ദ്രന്റെ മൂത്തമകൾ വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. ഇതിന് ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിനിടെ ചില ബന്ധുക്കൾ ഈ മകളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ രവീന്ദ്രൻ അതിനെ എതിർത്തതായി പറയുന്നു. മകളുടെ വിവാഹ ശേഷമാണ് അണക്കരയ്ക്കടുത്ത് കടശ്ശിക്കടവിലെ വീടും പുരയിടവും വിറ്റ് പുറ്റടിയിൽ സ്ഥലം വാങ്ങി ചെറിയ വീട് നിർമ്മിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന് പരിസരത്തുള്ളവരുമായി അടുത്ത ബന്ധമൊന്നും കുടുംബത്തിനില്ലെങ്കിലും അണക്കരയിലെ വ്യാപാരികൾക്കെല്ലാം സുപരിചിതനായിരുന്നു രവീന്ദ്രൻ. ഒരു മാസം മുമ്പ് ചീനിക്കുഴിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് കൊല്ലപ്പെട്ട ഞെട്ടലിൽ നിന്ന് ജില്ല മോചിതരാകും മുമ്പാണ് അടുത്ത ദുരന്തം.
അമ്മയെ രക്ഷിക്കാൻ അലറിക്കരഞ്ഞ് ശ്രീധന്യ
അർദ്ധരാത്രി ഒരു മണിയോടെ രവീന്ദ്രന്റെയും ഉഷയുടെയും ഇളയ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികളായ സന്തോഷും മഞ്ജുവുമൊക്കെ ഉറക്കമുണർന്നത്. എന്താണ് കാര്യമെന്ന് മനസിലായില്ലെങ്കിലും പുറത്തേക്കോടിയെത്തിയ ഇവർ കാണുന്നത് വീട്ടുമുറ്റത്ത് ദേഹമാസകലം പൊള്ളലേറ്റ് വീണ് കിടക്കുന്ന ശ്രീധന്യയെയാണ്. അണിഞ്ഞിരുന്ന വസ്ത്രമൊക്കെയും കത്തി നശിച്ചിരുന്നു. വേദനയിൽ തളർന്ന് കിടന്നപ്പോഴും അമ്മയെ രക്ഷിക്കണമെന്നാണ് ശ്രീധന്യ അയൽവാസികളോട് ആവശ്യപ്പെട്ടത്. അടുത്തുള്ള വീട്ടിൽ നിന്ന് കമ്പിളി എത്തിച്ച് പുതപ്പിച്ചാണ് പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പുലർച്ചെ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. 80 ശതമാനത്തിന് മുകളിലാണ് ശ്രീധന്യയ്ക്ക് പൊള്ളലേറ്റിരിക്കുന്നത്.
'ചേട്ടാ, എന്നോട് ക്ഷമിക്കണം" സുഹൃത്തിനോട് അന്ത്യയാത്ര ചോദിച്ച് രവീന്ദ്രൻ
ജീവനൊടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രിയ സുഹൃത്ത് അണക്കര സ്വദേശി ബാലകൃഷ്ണന് വികാരനിർഭരമായ വാട്ട്‌സ്ആപ്പ് സന്ദേശം രവീന്ദ്രൻ അയച്ചിരുന്നു. 'ചേട്ടാ, എന്നോട് ക്ഷമിക്കണം ,ഞാൻ ചേട്ടനോട് യാത്ര ചോദിക്കുന്നു. ഇവിടെയും എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല. വിശദ വിവരം ഞങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ഇടുന്നുണ്ട്. പറ്റുമെങ്കിൽ ചേട്ടൻ കട ഏറ്റെടുത്ത് നടത്തണം. എന്റെ ആഗ്രഹമാണ്. നമുക്ക് സാധനങ്ങൾ തരുന്നയാളുടെ നമ്പർ കടയിൽ നോട്ടീസിൽ ഉണ്ട്." - ഇതാണ് സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ. കടമായി വാങ്ങി നൽകിയ പണത്തിൽ 3274 രൂപ ബാങ്ക് അക്കൗണ്ടിൽ അയച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. ബന്ധുക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ അയച്ച സന്ദേശം അയച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീധന്യയ്ക്ക് ചികിത്സാ സഹായം നൽകും: മന്ത്രി റോഷി അഗസ്റ്റിൻ
തീപിടിത്തത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രവീന്ദ്രന്റെ മകൾ ശ്രീധന്യയുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കൃത്യം നടന്ന വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.