ഉടുമ്പന്നൂർ: ചീനിക്കുഴിയിലും പരിസരങ്ങളിലും നിരവധിയാളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് പേപ്പട്ടിയുടെ അക്രമണമുണ്ടായത്. ചീനിക്കുഴി, ബൗണ്ടറി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വന്നവരെയാണ് അപ്രതീക്ഷിതമായെത്തിയ പേപ്പട്ടി കടിച്ചത്. നാട്ടുകാർ തുരത്താൻ ശ്രമിച്ചെങ്കിലും ഓടിപ്പോയ വഴികളിൽ നിന്നവരെയും പട്ടി കടിച്ചു. അടുത്ത കാലത്തായി പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമായതായി പരാതി ഉയർന്നിരുന്നു. എന്നാൽ പേപ്പട്ടിയെ പിടികൂടാനായിരുന്നില്ല. ഇന്നലെ പ്രദേശവാസികളെ കടിച്ച പേപ്പട്ടി സമീപത്തെ വീടുകളിലെ വളർത്ത് നായകളെയും കടിച്ചതായി സംശയം ഉയർന്നിട്ടുണ്ട്.

കടിയേറ്റവർക്ക് മരുന്നില്ല

കടിയേറ്റവർ തട്ടക്കുഴയിൽ പ്രവർത്തിക്കുന്ന ഉടുമ്പന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം, കരിമണ്ണൂർ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ എത്തിയെങ്കിലും പ്രതിരോധ മരുന്ന് ലഭിച്ചില്ല. ഇതേ തുടർന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും മരുന്ന് സ്റ്റോക്ക് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിയാണ് കടിയേറ്റവർ പ്രതിരോധ മരുന്ന് സ്വീകരിച്ചത്.