തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ പ്രൗഡോജ്വല തുടക്കം.

വൈകിട്ട് വിളംബര ജാഥയോടെ സമ്മേളനത്തിന് തുടക്കമായി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മുനിസിപ്പൽ മൈതാനത്ത് സമാപിച്ചു. ജാഥയ്ക്ക് ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ, സെക്രട്ടറി വി ആർ ബീനാമോൾ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി ബിനിൽ, സംസ്ഥാന കൗൺസിലംഗം ഒ കെ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് സ്വാഗത സംഘം ചെയർമാൻ കെ സലിം കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ ഓരോ സർക്കാർ ജീവനക്കാരും തയ്യാറാകണമെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ മുഖം തിളക്കമുള്ളതാക്കുന്നതിൽ സർക്കാർ ജീവനക്കാർക്കുള്ള പങ്ക് വലുതാണ്. സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിൽ എത്തിക്കുന്നത് സർക്കാർ ജീവനക്കാരാണ്. ഓരോ ഫയലുകളിലും ഓരോ ജീവിതങ്ങളാണെന്ന് തിരിച്ചറിഞ്ഞ് വേണം ജീവനക്കാർ പ്രവർത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ്, എഐറ്റിയുസി ജില്ലാ ട്രഷറർ പി പി ജോയി, എഐ വൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി ആർ പ്രമോദ്, എ ഐ എസ് എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ അശോകൻ, വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ സരേഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം നന്മ കലാ സംസ്‌കാരിക വേദിയുടെ കലാസന്ധ്യയും അരങ്ങേറി.
ഇന്ന് തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവിന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ രമേശ്, കെഇഒഎഫ് സംസ്ഥാന പ്രസിഡന്റ് പി എൻ ബിജു, കെജിഒഎഫ് ജില്ലാ സെകട്ടറി ആനന്ദ് വിഷ്ണു പ്രകാശ്, എഐ ബിഇഎ ജില്ലാ സെക്രട്ടറി നഹാസ് പി സലിം എന്നിവർ സംസാരിക്കും. ജില്ലാ സെകട്ടറി വി ആർ ബീനാമോൾ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ എസ് രാഗേഷ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.