തൊടുപുഴ: പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് അറസ്റ്റ് ചെയ്ത മുട്ടം എള്ളുമ്പുറം അരീപ്ലാവിൽ സിബി തോമസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. കുളമാവ് സി ഐ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന അരിപ്ലാവൻ ഫൈനാൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള നിരവധി ചെക്കുകളും രേഖകളും ഇവിടെ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. മണി ലെൻഡിംഗ് ആക്ട് പ്രകാരമുള്ള ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനത്തിന്റെ ലൈസൻസ് കഴിഞ്ഞ ദിവസം ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ റദ്ദാക്കിയിരുന്നു. കുളമാവിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടു കേസുകളിലാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. തൊടുപുഴ പൊലീസിൽ നാലു പരാതികളിലും അറസ്റ്റു രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ബ്ലാങ്ക് ചെക്കും രേഖകളും ഒപ്പിട്ടുവാങ്ങി പണം പലിശയ്ക്ക് നൽകിയതിനു ശേഷം ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. മുതലും പലിശയും തിരികെ നൽകിയാലും ചെക്ക് ഇയാൾ തിരികെ കൊടുക്കില്ല. ഈ ചെക്കുമായി കോടതിയിൽ കേസ് നൽകി വീണ്ടും പണം തട്ടാൻ ശ്രമിക്കും. മുതലും പലിശയും തിരികെ നൽകിയാലും ചെക്ക് ഇയാൾ തിരികെ കൊടുക്കില്ല. ഈ ചെക്കുമായി കോടതിയിൽ കേസ് നൽകി വീണ്ടും പണം തട്ടാൻ ശ്രമിക്കും. പണം പലിശയ്‌ക്കെടുത്തവർക്കെതിരെ വ്യാജ രേഖ ഉപയോഗിച്ച് കോടതിയിൽ കേസ് നൽകിയായിരുന്നു കൂടുതൽ തുക തട്ടിയെടുത്തിരുന്നത്. മുട്ടം, തൊടുപുഴ പൊലീസ് സ്റ്റേഷനുകൾ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ പൊലീസും കോടതിയും നിർദേശിച്ചിട്ടും ഇയാൾ സ്റ്റേഷനിലോ കോടതിയിലോ ഹാജരായില്ല. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസാമിയുടെ നിർദേശപ്രകാരമാണ് കുളമാവ് സി ഐ ഇയാളെ അറസ്റ്റു ചെയ്തത്.ഇയാളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.