അടിമാലി: നേര്യമംഗലത്തിന് സമീപം 7 മാസം പ്രായമുള്ള കുഞ്ഞടക്കംഏഴംഗ കുടുംബത്തിന് നേരെ വിമുക്തഭടൻ മുളക് സ്‌പ്രേ ആക്രമണം നടത്തിയതായി പരാതി.പഴമ്പള്ളിച്ചാൽ കല്ലുവെട്ടിക്കുഴി ഏലിക്കുട്ടി മാർക്കോസ് (69), മകൻ ഷാജി മാർക്കോസ് (50), ഷൈമോൻ ഷാജി (24), സിജിയ (19), സിജീഷ് ഷാജി (26), അൽഫിയാ (23), ഇവരുടെ മകൾ ഏഴ് മാസം പ്രായമുള്ള ഇവാനിയ എന്നിവർക്കാണ് മുളക് സ്‌പ്രേ ആക്രമണത്തിൽ പരിക്കേറ്റത്. നേര്യമംഗലം പാലത്തിൽ ബ്ലോക്ക് ആയിരുന്ന വാഹനങ്ങൾ ഒറ്റവരിയായി അടിമാലിക്ക് വഴികയായിരുന്നു. ഇതിനിടെ അഞ്ചാം മൈലിൽ വാഹനങ്ങളെ മറികടന്നു വരുന്നതിനിടെ സൈഡ് കൊടുക്കാത്തത്തിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കുടുംബം സഞ്ചരിച്ച കാറിന് തടസം സൃഷ്ടിച്ച് അസഭ്യം പറഞ്ഞ വിമുക്തഭടനും സഹോദരനും ഷാജി മാർക്കോസിനെ ആക്രമിച്ചു. ഉടനെ വാഹനത്തിൽ കരുതിയിരുന്ന മുളക് സ്‌പ്രേ എടുത്ത് കുടുംബത്തിനു നേരെ സ്‌പ്രേ ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. സിജീഷ് മാത്യുവിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ള കുടുംബാംഗങ്ങളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടയിൽ മർദ്ദനമേറ്റതായി ബൈസൺവാലി സ്വദേശിയായ വിമുക്തഭടനും ഡ്രൈവറും അടിമാലി താലൂക് ആശുപത്രിയിൽ ചികിത്സ തേടി.