
മുട്ടം: മുട്ടം - മൂലമറ്റം റൂട്ടിൽ ഭഗവതി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് എതിർ വശത്തുള്ള റോഡരുകിലെ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. ഇവിടെ റോഡിന്റെ ഒരു വശത്ത് അൻപത് മീറ്ററോളം നീളത്തിൽ അപകടകരമായ ഗർത്തമാണ്. നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന ഇവിടെ അപകടങ്ങൾ പതിവാണ്. ഏതാനും ദിവസം മുൻപ് മൂലമറ്റം പോയി തിരികെ വന്ന തൃശൂർ സ്വദേശികളായ കുടുംബക്കാർ സഞ്ചാരിച്ചിരുന്ന കാർ ഇവിടെ ഗർത്തത്തിൽ വീണ് അപകടം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപ് ഇരു ചക്ര വാഹന യാത്രക്കാരും ഗർത്തത്തിൽ വീണ് സാരമായ പരിക്ക് സംഭവിച്ചു. റോഡിനോട് ചേർന്നാണ് ഓട സ്ഥാപിച്ചിരിക്കുന്നത്. റോഡിന്റെ വെള്ള വരയ്ക്ക് തൊട്ട് ചേർന്നാണ് ഗർത്തം എന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനട യാത്രക്കാർക്ക് ഒതുങ്ങി നിൽക്കാൻ പോലും സൗകര്യം ഇല്ലാത്തത് ഏറെ അപകട ഭീഷണിയാണുണ്ടാക്കുന്നത്. അപകടാവസ്ഥ സംബന്ധിച്ച് വന്ന വാർത്തകളെത്തുടർന്ന് പൊതു മരാമത്ത് എക്‌സിക്ക്യൂട്ടീവ് എഞ്ചിനിയർ സി .കെ പ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശൈലേന്ദ്രൻ എന്നിവർ ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥ ബോദ്ധ്യമായതിനെ തുടർന്ന് ഓടയോട് ചേർന്നുള്ള റോഡിന്റെ ഭിത്തി കൂടുതൽ ബലപ്പെടുത്തി ഓടക്ക് മുകളിൽ സ്ലാബിട്ട് അപകടാവസ്ഥ ഉടൻ പരിഹരിക്കും. ഇതിന് വേണ്ടി അടുത്ത ദിവസം എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും അവർ പറഞ്ഞു.