ഇടുക്കി: നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 28ന് നടക്കുന്ന പട്ടയമേളയിൽ ജില്ലയിൽ 562 കുടംബങ്ങൾക്ക് റവന്യൂമന്ത്രി കെ. രാജൻ പട്ടയം നൽകും. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികൾ അംഗീകരിച്ചിട്ടുള്ള 2594 ഉം അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ള 2089 ഉം ഇപ്പോൾ വിതരണം ചെയ്യുന്നതുമടക്കം 5245 പട്ടയങ്ങൾ അടിയന്തരമായി തുടർനടപടികൾ പൂർത്തിയാക്കി വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളുടെ മേള കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ. രാജ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും. സങ്കീർണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ജില്ല എന്ന നിലയിൽ നിയമാനുസൃതമായ ഭൂമി പതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് യോഗ്യമായ കൈവശങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സമഗ്ര നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി 2423 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തിരുന്നു.

ജില്ലയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനത് സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെട്ട മോഡൽ സ്‌പൈസസ് പാർക്കിന്റെ ഉദ്ഘാടനം, സുവർണ്ണ ജൂബിലി ലോഗോ അനാച്ഛാദനം, ജില്ലാ ആസ്ഥാനത്ത് ദുരന്തബാധിതരെ താത്കാലികമായി താമസിപ്പിക്കുന്നതിനുള്ള റെസ്‌ക്യൂ ഷെൽട്ടർ നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം, ആനവിരട്ടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഓൺലൈൻ ഉദ്ഘാടനം എന്നിവയും ചടങ്ങിൽ നടത്തും.

വിവിധ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനവും ഇതോടൊപ്പം റവന്യൂമന്ത്രി നിർവ്വഹിക്കും. ഇടുക്കി താലൂക്ക്തല പട്ടയമേളയും തങ്കമണി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും ഉച്ചയ്ക്ക് 12ന് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഉപ്പുതോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഉപ്പുതോട് സെന്റ് ജോർജ് പാരീഷ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കും. കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലിന് വില്ലേജ് ഓഫീസ് അങ്കണത്തിലും നടക്കും.