പീരുമേട്: ജില്ലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവെത്തുന്നത് കമ്പംവഴി. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കോളേജ് വിദ്യർത്ഥികൾക്ക് കഞ്ചാവെത്തിക്കുന്ന സംഘങ്ങളാണ് കമ്പത്തെ കഞ്ചാവിന്റെ ഹബായി മാറ്റിയത്. കമ്പം സ്വദേശിയുടെ ഭാര്യയാണ് ഇടനിലക്കാരിയായി പ്രവർത്തിക്കുന്നത്. ഇടപാടുകാർക്കിടയിൽ മാമി എന്നറിയപ്പെടുന്ന ഇവർ മറ്റൊരാളുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസവും200 ഗ്രാം കഞ്ചാവുമായി മാമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നാണ് ജില്ലയിലെ കഞ്ചാവ് വിതരണശ്രുംഖലകളെക്കുറിച്ച് അധികൃതർക്ക് വിവങ്ങൾ ലഭിച്ചത്. കഞ്ചാവ് ആവശ്യപ്പെടുന്നവർക്ക് ഇവരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പ്രദേശത്ത് ഏജന്റൻമാർക്ക് എത്തിച്ചു നൽകുന്നത്.ഏജന്റുമാർ വഴി 5 ഗ്രാം,10 ഗ്രാം, 20 ഗ്രാം പൊതികളിലാക്കി വിഭ്യാർത്ഥികൾക്ക് എത്തിച്ച് നൽകും. . സ്‌കൂളുകൾ, കേളേജുകൾ എന്നിവിടങ്ങളിലെ ജംഗ്ഷനുകളിൽ വച്ച് ഇവരുടെ സ്ഥിരം കസ്റ്റമർ മാർക്ക്100 രൂ മുതൽ 1000 രൂപ വരെ നിരക്കിൽ അളവിനനുസരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നു.
ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തമിഴ്‌നാട്ടിൽ കഞ്ചാവ് എത്തുന്നത്. തമിഴനാട് കേരള അതിർത്തിയിലെ പ്രധാന ഇടത്താവളമായി കമ്പം മാറുകയും ചെയ്തു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പ്രദേശങ്ങളിലെ പൊലീസ്, കഞ്ചാവുമായി എത്തുന്നവരെ അടിക്കടി പിടികൂടാറുണ്ടെങ്കിലും കഞ്ചാവിന്റെ വരവ് നിലയ്ക്കുന്നില്ല എന്നതാണ് കഞ്ചാവ് ലോബിയുടെ ശക്തി എത്രമാത്രമെന്ന് വ്യക്തമാക്കുന്നത്.