മറയൂർ: ആറ് വയസുകാരിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. 44 കാരനായ അമ്മാവനായി തിരച്ചിൽ തുടരുന്നു. മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. സ്വന്തം മകളെ ഒരു വർഷത്തോളമായി 42കാരനായ പിതാവ് പീഡിപ്പിച്ച് വരികയായിരുന്നു.വിവരമറിഞ്ഞ് മകളെ മാതാവ് മറയൂരിലെ തന്നെ ബാലഭവനിൽ ചേർത്തു. സ്‌കൂൾ അടച്ചിട്ടും കുട്ടിയെ വീട്ടിൽ കൊണ്ടുപോകാൻ അറിയിച്ചെങ്കിലും മാതാവ് എത്തിയില്ല. തുടർന്ന് ബാലഭവനിലെ അധികൃതരുടെ അന്വേഷണത്തിലാണ് പിതാവ് തന്നെ ഉപദ്രവിക്കുന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈന് വിവരം കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ മറയൂർ പൊലീസ് ഇന്നലെയാണ് പിടികൂടിയത്. പിന്നീട് ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിതാവിനൊപ്പം അമ്മാവനും തന്നെ പീഡിപ്പിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയ്, എസ്‌.ഐ ബജിത് ലാൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിനാണ് അന്വേഷണ ചുമതല.