തൊടുപുഴ: 1.4 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിയ്ക്ക് 12 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. രാജകുമാരി തളിയച്ചിറപ്പടി കൊടുപ്പിള്ളിൽ പ്രസാദിനെയാണ് (51) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 സെപ്തംബർ എട്ടിന് എൻആർ സിറ്റി കാമാക്ഷി അമ്മൻ കോവിലിന് സമീപത്ത്‌ നിന്ന് രാജാക്കാട് എസ്‌.ഐ പി.ഡി. അനൂപ് മോനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സി.ഐയായിരുന്ന എച്ച്.എൽ. ഹണിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.