കട്ടപ്പന : ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യയുടെ ( 18 ) നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സം രൂക്ഷമായതോടെ പെൺകുട്ടിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.എൺപത്തിമൂന്ന് ശതമാനം പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.മജിസ്ട്രേറ്റ് തിങ്കളാഴ്ച്ച ആശുപത്രിയിൽ നേരിട്ടെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.കിടപ്പു മുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ ദേഹത്തും തീ പടർന്നത് എന്നാണ് പെൺകുട്ടി ഡോക്ടർക്ക് നൽകിയ മൊഴിയെന്ന് സൂചനയുണ്ട്.പുറ്റടി ഹോളി ക്രോസ്സ് കോളേജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50) ഭാര്യ ഉഷ (45) എന്നിവരാണ് തിങ്കളാഴ്ച്ച പുലർച്ചെ പൊള്ളലേറ്റ് മരിച്ചത്. ഉറങ്ങിക്കിടന്ന ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം രവീന്ദ്രനും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വ്യാപാരി കൂടിയായ രവീന്ദ്രൻ കടുംകൈ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് രവീന്ദ്രൻ വാട്ട്സ്ആപ്പ് വഴി സുഹൃത്തിനും,കുടുംബാംഗങ്ങൾ അടങ്ങിയ ഗ്രൂപ്പിലും മരിക്കാൻ പോകുന്നുവെന്ന സൂചന നൽകി സന്ദേശം അയച്ചിരുന്നു. ഇത്തരത്തിൽ കുടുംബത്തോടെ ജീവനൊടുക്കുവാൻ രവീന്ദ്രനെ പേരിപ്പിച്ച പ്രശ്നങ്ങൾ എന്താണ് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

• തീ കൊളുത്താൻ ഉപയോഗിച്ചത് പെട്രോൾ ?

ഭാര്യ ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുന്നതിന് രവീന്ദ്രൻ ഉപയോഗിച്ചത് പെട്രോൾ ആയിരിക്കാമെന്ന് പൊലീസ്. മണ്ണെണ്ണ ഉപയോഗിച്ചായിരിക്കാം കൃത്യം നടത്തിയത് എന്നായിരുന്നു പൊലീസിന്റെ മുൻനിഗമനം.എന്നാൽ രവീന്ദ്രൻ കറുത്ത കന്നാസുമായി അണക്കരയിലെ പമ്പിൽ എത്തി പെട്രോൾ വാങ്ങുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ദ്ധരുടെ അന്തിമ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൃത്യത്തിന് ഉപയോഗിച്ച ഇന്ധനം ഏതാണെന്ന് വ്യക്തമാക്കാൻ സാധിക്കൂ എന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ അറിയിച്ചു.മൃതദേഹങ്ങൾ കിടന്നിരുന്ന മുറിക്കുള്ളിൽ മണ്ണെണ്ണയുടെ സമാനമായ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു.ഇതാണ് ആദ്യ ഘട്ടത്തിൽ തീ കൊളുത്തുവാൻ ഉപയോഗിച്ചത് മണ്ണെണ്ണ ആകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.