ഇടുക്കി: ജില്ലയിലെ നാല് വില്ലേജ് ഓഫീസുകൾ കൂടി ഇന്ന് സ്മാർട്ടാകുന്നു. ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി, ആനവിരട്ടി വില്ലേജ് ഓഫീസുകളാണ് റവന്യൂമന്ത്രി കെ. രാജൻ ഇന്ന് സ്മാർട്ട് വില്ലേജായി പ്രഖ്യാപിക്കുന്നത്. സ്മാർട്ട് വില്ലേജുകളിൽ ഇ-ഫയലിംഗ് സംവിധാനത്തിനൊപ്പം പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുതാര്യമായും എത്തിക്കുകയെന്ന ലക്ഷ്യമാണുള്ളത്.
ജില്ലയിൽ 6 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി കഴിഞ്ഞു. 26 സ്മാർട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ആനവിരട്ടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 9 നും തങ്കമണി 12 നും ഉപ്പുതോട് 2 നും കഞ്ഞിക്കുഴി 4 നും റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
താലൂക്കുതല പട്ടയമേളകളുടെ ഉദ്ഘാടനവും റവന്യൂമന്ത്രി ഇതോടൊപ്പം നിർവ്വഹിക്കും. തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളുടെ പട്ടയമേള രാവിലെ ഒൻപതിന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം എൽ എ മാരായ എം എം മണി, പി.ജെ ജോസഫ് , വാഴൂർ സോമൻ, അഡ്വ. എ. രാജ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കലക്ടർ ഷീബ ജോർജ്ജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.