
മണക്കാട്: പുതുപ്പരിയാരത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം. പുതുപ്പരിയാരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം താഴ്ഭാഗത്തായി പ്രവർത്തിക്കുന്ന പാർട്ടിക്കൽ ബോർഡുകൾ ഉപയോഗിച്ച് ഫർണ്ണിച്ചറുകൾ നിർമ്മിച്ചു നൽകുന്ന തൊടുപുഴ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 യോടെ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ കെട്ടിടത്തിന്റെ പിൻ ഭാഗത്തെ ഭിത്തിയും മേൽക്കൂരയും അടർന്ന് തൊഴിലാളികളുടെ വിശ്രമമുറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയം മുറിയിലുണ്ടായിരുന്ന ജീവനക്കാരായ സന്തോഷും ടിജുമോനും പരിക്കേറ്റു. സന്തോഷിന് തലക്കും കാലിനും ചെവിയിലും പരിക്കേറ്റു. ടിജുമോന് കൈക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മേൽക്കൂര നിലം പതിച്ചതോടെ മഴവെള്ളം ചാടി പാർട്ടിക്കൽ ബോർഡിനും ഫർണിച്ചറുകളിൽ ചിലതിനും നാശം സംഭവിച്ചു. ഭാഗികമായി തകർന്ന സ്ഥാപനത്തിൽ ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വീശിയടിച്ച കാറ്റിൽ സ്ഥാപനത്തിന് സമീപത്തെ ജോയി കുന്നംകോട്ടിന്റെ തോട്ടത്തിലെ മരങ്ങളും കടപുഴകി വീണിട്ടുണ്ട്