തൊടുപുഴ: പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ പൈനാപ്പിൾ ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് ഉച്ചയ്ക്ക് രണ്ട് മുതൽ വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ പാചകത്സരം, പൈനാപ്പിൾ വിള മത്സരം, കാർഷിക സെമിനാർ എന്നിവ നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് കാർഷിക സെമിനാറിന് വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ ഡോ. ടി. മായ നേതൃത്വം നൽകും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ സന്ദേശം നൽകും. മികച്ച പൈനാപ്പിൾ കർഷകനുള്ള അവാർഡ് നേടിയ കെ.എൻ. സത്യൻ കല്ലിങ്കലിനെ മന്ത്രി ആദരിക്കും. വാർത്താസമ്മേളനത്തിൽ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ്, സെക്രട്ടറി ജോജോ ജോസഫ്, കെ.എൻ. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.