മുട്ടം: ജില്ലാ കോടതിയിൽ എത്തിയ രണ്ട് പേരുടെ ഹെൽമറ്റ് മോഷണം പോയി. കോലാനി സ്വദേശി സാമുവൽ തോമസ് സഹോദരൻ റെന്നി തോമസ് എന്നിവരുടെ ഹെൽമറ്റാണ് മോഷണം പോയത്. ചൊവ്വാഴ്ച്ചയാണ് ഇരുവരും കേസിന്റെ ആവശ്യത്തിന് വേണ്ടി മുട്ടം ജില്ലാ കോടതിയിൽ എത്തിയത്. കോടതിയുടെ പ്രവേശന കവാടത്തിന് സമീപം റോഡരുകിൽ ഇരുചക്ര വാഹനങ്ങൾ വെച്ചിട്ടാണ് ഇരുവരും കോടതിയിലേക്ക് പോയത്. 12.20 മണിയോടെ തിരികെ എത്തിയപ്പോഴാണ് രണ്ട് ഹെൽമറ്റും മോഷണം പോയ വിവരം അറിഞ്ഞത്. ജില്ലാ കോടതി പരിസരത്ത് നിന്ന് കോടതി ജീവനക്കാരന്റെ ഹെൽമറ്റും അടുത്ത നാളിൽ മോഷണം പോയിരുന്നു. ഹെൽമറ്റ് മോഷ്ടിച്ച് മറിച്ച് വിൽക്കുന്ന സംഘങ്ങളാകും ഇതിന്റെ പിന്നിൽ എന്ന് പറയപ്പെടുന്നു.