തൊടുപുഴ: വ്യക്തിവിരോധത്തിന്റെ പേരിൽ നാല് പശുക്കളുള്ള ക്ഷീരകർഷകന്റെ പാലളക്കാൻ ക്ഷീരസംഘം അനുവദിക്കുന്നില്ലെന്ന് പരാതി. വർഷങ്ങളായി ക്ഷീരകർഷകനായ കുണിഞ്ഞി തോട്ടത്തിൽ ടി.കെ. രമേശാണ് നീതി തേടുന്നത്. രമേശ് 2018 മുതൽ ഒന്നര വർഷത്തോളം പ്രസിഡന്റും അടുത്ത കാലം വരെ അംഗവുമായിരുന്ന കുണിഞ്ഞി ക്ഷീരസംഘമാണ് പാലളക്കാനുള്ള അവകാശം നിഷേധിക്കുന്നത്. രണ്ട് കറവയുള്ലതടക്കം നാല് പശുക്കളാണ് രമേശിനുള്ളത്. രാവിലെയും വൈകിട്ടുമായി ദിവസം 15 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മുതലാണ് ക്ഷീരസംഘം അധികൃതർ രമേശിനെ പാലളക്കുന്നതിൽ നിന്ന് വിലക്കിയത്. ക്ഷീരസംഘത്തിനെതിരെ ദുഷ്‌പ്രചരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഈ വിചിത്രമായ നടപടി. തുടർന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള സൗത്ത് വഴിത്തലയിലെ വള്ളിക്കെട്ട് സംഘത്തിലാണ് ഇപ്പോൾ രമേശ് പാൽ നൽകുന്നത്. സ്വന്തം ഓട്ടോറിക്ഷയിൽ ദിവസവും ഇവിടെ വരെ പാലെത്തിക്കുന്നതിന് അധികമായി 50 രൂപയോളം ചെലവ് വരുന്നുണ്ട്. ഡയറി ഡെവലപ്മെന്റ് ഓഫീസർക്കടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. രമേശിനെ പാലളക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘത്തിലെ 79 കർഷകർ ഒപ്പിട്ട് ഡി.ഡിക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ വന്നതോടെ രമേശൻ നീതി തേടി ഹൈക്കോടതിയിൽ ഹർജി നൽകി. പ്രശ്നം പഠിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഡയറി ഡെവലപ്മെന്റ് ഓഫീസറെ തന്നെ ഹൈക്കോടതി ചുമതലപ്പെടുത്തി. ഇതനുസരിച്ച് ഡി.ഡി സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ രമേശിന് സ്വന്തമായി പശുക്കളില്ലെന്നായിരുന്നു ക്ഷീരസംഘത്തിന്റെ ആക്ഷേപം. സ്വന്തമായി പത്ത് സെന്റ് മാത്രം സ്ഥലമുള്ളതിനാൽ തൊട്ടടുത്ത വീട്ടിലെ തൊഴുത്തിലാണ് രമേശ് പശുക്കളെ കെട്ടിയിരുന്നത്. ഇതിന് പകരമായി ഈ വീട്ടുകാർക്ക് ആവശ്യമായ പാലും കൃഷിക്ക് ആവശ്യമായ ചാണവും നൽകണമെന്നാണ് കരാർ. ഇതിന്റെ രേഖകളും രമേശിന്റെ പക്കലുണ്ട്. എന്നാൽ ഈ പശുക്കൾ രമേശിന്റെ സ്വന്തമല്ലെന്നാണ് സംഘം പരിശോധനയ്ക്കെത്തിയ ഡി.ഡിയെ ബോധിപ്പിച്ചത്. ഇതോടെ പാലളക്കാനുള്ള അവകാശം രമേശിന് നിഷേധിക്കപ്പെടുകയായിരുന്നു. അതേസമയം പരിശോധനാ സമയത്ത് അയൽപക്കത്തെ തൊഴുത്തിലുള്ള പശുക്കൾ രമേശിന്റേതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കിയിരുന്നില്ലെന്ന് ഡയറി ഡെവലപ്മെന്റ് ഓഫീസർ മഹേഷ് നാരായണൻ കേരളകൗമുദിയോട് പറഞ്ഞു. പശുക്കളെ ഇൻഷുർ ചെയ്തതടക്കമുള്ള രേഖകൾ ഹാജരാക്കിയാൽ കുണിഞ്ഞി സംഘത്തിൽ തന്നെ പാലളക്കുന്നതിന് നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.