കട്ടപ്പന: മേരികുളത്തിന് സമീപം പുല്ലുമേട് സുൽത്താനിയയിലെ ക്ഷേത്രങ്ങളുടെ പൂട്ട് തകർത്തെന്ന് ആരോപിച്ച് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. കാളിയമ്മൻ, ഗണപതി ക്ഷേത്രങ്ങളുടെ പൂട്ട് തൊഴിലാളികൾ തകർത്തെന്നാണ് പരാതി.അതേ സമയം ഉത്സവം നടത്താൻ ക്ഷേത്രങ്ങൾ തുറന്ന് നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി തമിഴ് വംശജരായ തൊഴിലാളികൾ ഉപ്പുതറ പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇരച്ചെത്തി.ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് പത്തോളം വാഹനങ്ങളിലായി സ്ത്രീകൾ അടക്കമുള്ള നൂറ് കണക്കിനാളുകൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്.ക്ഷേത്രം തുറന്ന് നൽകാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികൾ.എസ് എച്ച് ഒയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച്ച പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ആളുകൾ പിരിഞ്ഞു പോയത്.ഉപ്പുതറ പൊലീസിന്റെ അവസരോചിത ഇടപെടലിലാണ് സംഘർഷം ഒഴിവായത്.