തൊടുപുഴ: കോതായിക്കുന്ന് ബസ് സ്റ്റാന്റിലെ തകര ഷീറ്റിന്റെ മേൽക്കൂര യാത്രക്കാർക്കും ബസ് തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഭീഷണിയാകുന്നു. കാലപ്പഴക്കത്താൽ ദ്രവിച്ച് കാറ്റത്ത് ഇളകിയാടുന്ന തകര ഷീറ്റുകൾ ഇവിടെയുള്ള ദേഹത്തു പതിച്ചാൽ ജീവൻ തന്നെ അപകടത്തിലായേക്കാം. മഴ പെയ്യുമ്പോഴും ചെറിയ കാറ്റടിക്കുമ്പോഴും ഇവിടെ എത്തുന്ന യാത്രക്കാരും ബസ് തൊഴിലാളികളും കച്ചവടക്കാരും ഏറെ ഭയത്തോടെയാണ് കഴിയുന്നത്. മഴ പെയ്യുമ്പോൾ ബസ് കാത്തു നിൽക്കുന്നവർ ഉൾപ്പെടെ നനയുന്ന സ്ഥിതിയാണ്. ഇവിടത്തെ വ്യാപാരികളും ഇതുമൂലം ദുരിതത്തിലാണ്. കാറ്റടിച്ചാൽ ഷീറ്റുകൾ യാത്രക്കാരുടെ മേൽ വീഴാൻ സാധ്യതയുള്ളതായി യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ബസിന്റെയും മറ്റും മുകളിൽ വീണാലും നാശനഷ്ടങ്ങൾ ഉണ്ടാകും. മൂവാറ്റുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട എന്നീ റൂട്ടുകളിലേക്കുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിടുന്ന ഭാഗത്തെ തകര ഷീറ്റുകളാണു കൂടുതലായും ദ്രവിച്ച നിലയിലുള്ളത്. തുരുമ്പെടുത്ത് ദ്വാരങ്ങൾ വീണു ഉപയോഗശൂന്യമായ നിലയിലാണു ഇവയി‍ൽ പലതും. മേൽക്കൂരയുടെ പത്തോളം സ്ഥലങ്ങളിൽ ചോർച്ചയുണ്ട്. മുൻപ് ഷീറ്റുകളിലൊന്ന് ഇളകി മാറിയെങ്കിലും താഴേക്കു വീഴാതെ തങ്ങി നിന്നതിനാൽ അപകടം ഒഴിവായതായി ഇവിടത്തെ വ്യാപാരികൾ പറയുന്നു. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ വലിയ തകര ഷീറ്റ് നിർത്തിയിട്ടിരുന്ന രണ്ടു ബസുകളുടെ ഇടയിലായി വീണ സംഭവവും മുൻപുണ്ടായിട്ടുണ്ട്. കാറ്റ് വീശുമ്പോൾ ഷീറ്റ് പറന്ന് താഴേക്കു വീഴുമോ എന്ന ഭീതിയിലാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇവിടത്തെ വ്യാപാരികളുമെല്ലാം. ചോർച്ച ഭാഗത്ത് നിന്ന് താഴേക്ക് വീഴുന്ന മഴ വെള്ളം കാറ്റടിച്ച് യാത്രക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് പതിക്കുന്ന അവസ്ഥയുമുണ്ട്. കെട്ടിടത്തിൽ നിന്ന് മഴ വെള്ളം താഴേക്ക് ഒഴുകിയെത്തുന്ന പൈപ്പ് മിക്കതും പൊട്ടിയതിനാൽ ചുറ്റിലും വെള്ള ക്കെട്ടുമാണ്.