കട്ടപ്പന :ആശങ്ക ഉയർത്തി അണക്കരയിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപമുള്ള കന്നുകാലി ഫാമിൽ നിന്ന പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെയാണ് പശുക്കിടാവിനെ പുലിയാണ് കൊന്ന് ഭക്ഷിച്ചത് എന്ന അഭ്യൂഹം പരന്നത്. എന്നാൽ ആക്രമിച്ചത് പൂച്ചപ്പുലിയാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മാവുങ്കൽ ചിന്നവൻ എന്നയാളുടെ ഫാമിലാണ് ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ വന്യജീവിയുടെ ആക്രമണം ഉണ്ടായത്.നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചതായി കാണപ്പെട്ടത്.ഇന്നലെ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫാമിനുള്ളിലും സമീപത്തും പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് പൂച്ചപ്പുലിയുടേത് ആകാമെന്നാണ് വിലയിരുത്തൽ.നിരവധി കന്നുകാലികൾ ഫാമിൽ ഉള്ളതിനാൽ ഇനിയും അഞ്ജാത ജീവി എത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.കഴിഞ്ഞ വർഷം അണക്കര മേഖലയിൽ കന്നുകാലികൾ, ആടുകൾ, മുയലുകൾ എന്നിവയ്ക്ക് നേരെ പൂച്ച പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.വന്യജീവിയുടെ സാന്നിധ്യം രൂക്ഷമായതിനാൽ പ്രദേശത്ത് ക്യാമറ സ്ഥാപിക്കണമെന്നും പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.