മുട്ടം: കോടതിക്കവലക്ക് സമീപം ജനത്തിന് കൗതുകമായി ഹനുമാൻ കുരങ്ങ് എത്തി. ഇന്നലെ മുതലാണ് ജില്ലാ കോടതിക്ക്‌ സമീപത്ത് ഇതിനെ കണ്ടത്. കുരങ്ങിന്റെ ഫോട്ടോയും സെൽഫി എടുക്കാനും ആളുകൾ ഇതിന്റെ പിന്നാലെ കൂടി. ആളുകൾ നൽകിയ പഴവും കടലയും മറ്റും കൈ നീട്ടി വാങ്ങി കഴിക്കുന്നത് കൗതുകമായിരുന്നു. വിവരം അറിഞ്ഞു മുട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കണ്ടെത്തിയില്ല. തൊടുപുഴ നഗരത്തിലും മലങ്കര, ഇടവെട്ടി, വഴിത്തല പ്രദേശങ്ങളിലും രണ്ട് മാസമായി കാണുന്നതാണ് ഇതിനെ എന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വിവരം അറിഞ്ഞു എത്തുമ്പോൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ പിടി കൂടാനും കഴിയില്ല. വയനാട് കാടുകളിലാണ് ഇത് പ്രധാനമായും കാണുന്നത്. കുഞ്ഞായിരുന്നപ്പോൾ ഏതോ വീട്ടുകാർ രഹസ്യമായി ഇതിനെ വളർത്തി. നിയമപരമായി പ്രശ്നം ആകുമെന്ന് അറിഞ്ഞപ്പോൾ റോഡിൽ ഉപേക്ഷിച്ചതാകാം എന്നും വനം വകുപ്പ് അധികൃതർ പരഞ്ഞു.