മറയൂർ: ശർക്കരയ്ക്ക് ജി.എസ്.ടി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ മറയൂർ ശർക്കര നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന ക‌ർഷകരും തൊഴിലാളികളും ആശങ്കയിൽ. അഞ്ച് ശതമാനം ജി.എസ്.ടിയാണ് ശർക്കരയ്ക്ക് നികുതിയായി ഉൾപ്പെടുത്താൻ ആലോചനയിലുള്ളത്. ശർക്കരയടക്കം 143 ഉത്പന്നങ്ങൾക്ക് നികുതി കൂട്ടുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മറയൂർ ശർക്കരയ്ക്ക് നല്ല വില ലഭിക്കാത്തതിനാൽ നിലവിൽ ഒട്ടേറെ കർഷകർ മറ്റ് കൃഷിയിലേക്ക് തിരിയാനിരിക്കെയാണ് ജി.എസ്.ടി കൂടി വർദ്ധിപ്പിക്കുന്നത്. ഈ അധികബാദ്ധ്യതയും കർഷകർ തന്നെ വഹിക്കേണ്ടി വരുമെന്നാണ് ആശങ്ക. മേഖലയിൽ 2,500 ഏക്കറിലുണ്ടായിരുന്ന കരിമ്പ് ഇപ്പോൾ ആയിരത്തിൽ താഴെയായി ചുരുങ്ങി. കച്ചവടക്കാരുടെ ചൂഷണവും തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജ ശർക്കരയുടെ വരവും മറയൂർ ശർക്കരയുടെ വിലയിടിവിന് കാരണമാണ്. നിലവിൽ മൊത്തക്കച്ചവടക്കാരിൽ നിന്ന് കർഷകന് ലഭിക്കുന്നത് കിലോയ്ക്ക് 50 രൂപയാണ്. എന്നാൽ പൊതുവിപണിയിൽ മറയൂർ ശർക്കരയ്ക്ക് നല്ല ഡിമാൻഡുണ്ട്. 90 മുതൽ 120 രൂപവരെയാണ് കിലോ വില. തമിഴ്‌നാട്ടിൽ നിന്ന് രാസവസ്തുക്കൾ കൂടുതൽ ഉപയോഗിച്ച് നിർമ്മിച്ച ശർക്കര ചില കച്ചവടക്കാർ കേരളത്തിലെത്തിച്ച് മറയൂർ ശർക്കരയുടെ ലേബലിൽ വിൽപ്പന നടത്തുന്നുണ്ട്. മറയൂർ ശർക്കരയുടെ ഗുണഗണങ്ങൾ അറിയാവുന്ന ഇടനിലക്കാർ മറയൂരിലെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് ഇവ ചുരുങ്ങിയ വിലയ്ക്ക് ശേഖരിച്ചു കൃത്രിമക്ഷാമമുണ്ടാക്കി കരിഞ്ചന്തയിൽ വിൽക്കുന്ന പ്രവണതയുമുണ്ട്. ഇതോടെ മറയൂരിലെ കർഷകർ മുടക്കുമുതൽ പോലും ലഭിക്കാതെ മറ്റ് കൃഷിയിലേക്ക് മാറി. ശർക്കര നാണ്യവിളകളുടെ പട്ടികയിലുള്ളതല്ലാത്തതിനാൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇതിന് കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും കർഷകർ പറഞ്ഞു.


മറയൂർ ശർക്കര ലോകപ്രസിദ്ധം

ഭൗമസൂചികാ പദവി ലഭിച്ച കാർഷിക ഉത്പന്നമാണ് ലോക പ്രസിദ്ധമായ മറയൂർ ശർക്കര. ടിപ്പുസുൽത്താന്റെ ഭരണക്കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് മറയൂർ, കാന്തല്ലൂർ മേഖലകളിൽ കുടിയേറിയവരാണ് കരിമ്പ് കൃഷി ചെയ്ത് തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇന്ന് മറയൂർ, കാന്തല്ലൂർ മേഖലകളിൽ 1600 ഹെക്ടറിലധികം പാടങ്ങളിൽ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. 12 മാസത്തെ കാലയളവിലാണ് കരിമ്പുകൾ വിളവെടുക്കുന്നത്. മറയൂർ ശർക്കരയ്ക്ക് നിർമ്മാണച്ചെലവ് കൂടുതലാണ്. ആലപ്പുരകളിൽ കെട്ടുകളായി എത്തിക്കുന്ന കരിമ്പുകൾ യന്ത്രസഹായത്തോടെ പിഴിഞ്ഞെടുക്കുകയാണ് പതിവ്. 650 മുതൽ 700 ലിറ്റർ വരെ കരിമ്പിൻ നീര് ഒറ്റ സംസ്‌കരണത്തിൽ ലഭിക്കും. വലിയ പാത്രത്തിൽ ശേഖരിക്കുന്ന കരിമ്പിൻനീര് മൂന്ന് മണിക്കൂറോളം ചൂടാക്കും. വലിയ സംഭരണിപോലുള്ള ഈ പാത്രം കൊപ്രയെന്നാണ് അറിയപ്പെടുന്നത്. അടുപ്പും പാത്രവും തമ്മിൽ ആറടിയോളം പൊക്കമുണ്ട്. പിഴിഞ്ഞെടുക്കുന്ന കരിമ്പുകളുടെ ചണ്ടിയാണ് തീയായി ഉപയോഗിക്കുന്നത്. പായസ പരുവമാകുന്നതുവരെ ചൂടാക്കുന്ന കരിമ്പിൻ നീര് തടികൊണ്ട് നിർമ്മിച്ച പന്നയെന്നറിയപ്പെടുന്ന വലിയ പാത്രത്തിലേക്ക് മാറ്റും. തുടർന്ന് കൈകൊണ്ടുതന്നെ ഉരുട്ടിയെടുത്താണ് ശർക്കര നിർമ്മിക്കുന്നത്.