thushar

ചെറുതോണി: ഹൈറേഞ്ചിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചുരുളി എസ്.എൻ.യു.പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിക്കും. 1979ലാണ് ചുരുളി എസ്.എൻ.യു.പി സ്‌കൂൾ പ്രവർത്തനമാരംഭിച്ചത്. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞ നാല് പതിറ്റാണ്ടു കാലവും സ്കൂളിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ മികച്ച സൗകര്യത്തിൽ ഉപയോഗിക്കാൻ പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും. ആരംഭകാലത്ത് ചുരുളി ശാഖാ മാനേജിംഗ് കമ്മിറ്റിയുടെ ഭാഗമായിരുന്നു സ്‌കൂൾ. ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായിട്ടുള്ള എസ്.എൻ.ഡി.പി യോഗം കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ഭാഗമാണ്. സ്‌കൂളിലെ പ്രവർത്തനങ്ങൾ നാളിതുവരെ നല്ല നിലയിൽ കൊണ്ടുപോകുന്നതിന് കീരിത്തോട് ചുരുളി ശാഖാ മുൻകാല ഭരണസമിതിയുടെയും പ്രവർത്തകരുടെയും നിസീമമായ സഹകരണം ഉണ്ടായിട്ടുള്ളതായി ഇടുക്കി യൂണിയൻ സെക്രട്ടറിയും സ്‌കൂൾ ലോക്കൽ മാനേജരുമായ സുരേഷ് കോട്ടയ്ക്കകത്ത് പറഞ്ഞു. യോഗത്തിൽ സ്വാഗതസംഘം ചെയർമാനും ചുരുളി ശാഖാ പ്രസിഡന്റുമായ പി.കെ. മോഹൻദാസ് സ്വാഗതം ആശംസിക്കും. ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റജി മുഖ്യസന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം സ്കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ വിദ്യാഭ്യാസ സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ്, കഞ്ഞിക്കുഴി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, യോഗം ഡയറക്ടർ ബോർഡ് അംഗം സി.പി. ഉണ്ണി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ അനിറ്റ് ജോഷി, എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കൗൺസിലർമാരായ അനീഷ് പച്ചിലാംകുന്നേൽ, മനേഷ് കുടിക്കയത്ത്, സ്വാഗത സംഘം കൺവീനർ എം.എൻ. ഷൺമുഖദാസ്, കീരിത്തോട് ശാഖാ പ്രസിഡന്റ് ടി.എം. ശശി, സെക്രട്ടറി വിജയൻ കല്ലുതുണ്ടിയിൽ, എസ്.എൻ.ഡി.പി യോഗം യൂണിയൻ വനിതാ സംഘം സെക്രട്ടറി മിനി സജി, പി.ടി.എ പ്രസിഡന്റ് കലേഷ് രാജു, വൈസ് പ്രസിഡന്റ് പി.ജി. മണിക്കുട്ടൻ, വിദ്യാർത്ഥി പ്രതിനിധി കീർത്തന കലേഷ് എന്നിവർ സംസാരിക്കും. ടീച്ചർ ഇൻചാർജ് വി.എസ്. പ്രകാശ് നന്ദി പറയും.


യൂണിയൻ ഭാരവാഹികളുടെ യോഗം

എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികളുടെ ജില്ലാ നേതൃയോഗം ഇന്ന് നാലിന് ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കും.