തൊടുപുഴ: ജൈവരീതിയിൽ ഉൽപാദിപ്പിച്ച സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമാണ് ലോകവിപണിയിൽ പിടിച്ചുനിൽക്കാനാവുകയുള്ളു എന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പൻ പറഞ്ഞു. കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ പണി പൂർത്തിയാക്കിയ ജൈവ പ്രകൃതി കൃഷി പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രത്യേകിച്ച് ഏലത്തിന് പ്രയോഗിക്കുന്ന മാരകവിഷപ്രയോഗങ്ങൾ മൂലം വിപണിയിൽ വിലയിടുകയും വിദേശമാർക്കറ്റിൽ പുറംതള്ളപ്പെടുകയും ചെയ്യുകയാണ് .ഉയർന്ന ഗുണമേന്മയുള്ള ജൈവ സുഗന്ധവ്യഞ്ജനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് കർഷകർക്ക് ശാസ്ത്രീയവും സമയബന്ധിതവുമായ പരിശീലനം അനിവാര്യമാണ് . ഈ സാഹചര്യത്തിൽ കാഡ്‌സിന്റെ നേതൃത്വത്തിൽ സ്‌പൈസസ് ബോർഡിന്റെ സഹായത്തോടെ ആധുനികരീതിയിൽ നിർമ്മിച്ച പരിശീലന കേന്ദ്രം ഇടുക്കിയിലെ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.കാഡ്‌സ് ചെയർമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ഡോ .സ്റ്റാൻലി കന്നേൽ (വികാർ.സെന്റ് സെബാസ്രറ്യൻസ് ചർച്ച് ),ജോജി മാത്യു (ഡെപ്യൂട്ടി ഡയറക്ടർ ,സ്‌പൈസസ് ബോർഡ് ),ഡോ .റോബിനെറ്റ് ജേക്കബ് ,എം.എൻ. സരേഷ് ,കെ വൈ .ക്ലമെന്റ് ജേക്കബ് മാത്യു ,കെ വി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.