മുട്ടം: ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുട്ടം പ്രദേശത്ത് വിവിധ മേഖലകളിൽ കനത്ത നാശനഷ്ടം. വീടുകൾക്ക് മുകളിൽ മരംവീണും വൈദ്യുത പോസ്റ്റിലേക്ക് മരംവീണുമടക്കം നിരവധി നാശനഷ്ടമാണുണ്ടായത്.തോട്ടുങ്കര ചാത്തൻകുളം സി ആർ.ബിജിന്റെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്ന് വൈദ്യുതി കമ്പിയുടെ മുകളിലേക്ക് വീണു. മുട്ടംപഞ്ചായത്തംഗം അരുൺ ചെറിയാൻ പൂച്ചക്കുഴിയുടെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഷെയ്ഡിന്റെ ഒരു ഭാഗം തകർന്നു. ഇടപ്പള്ളി - തോട്ടുങ്കര റോഡിൽ വൈദ്യുതി പോസ്റ്റിലേയ്ക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കുഴിയമ്പാട്ട് രാജുവിന്റെ ഗോഡൗണിന്റെ മേൽക്കുര കാറ്റിൽ പറന്ന് അടുത്തുള്ള മരത്തിന്റെ മുകളിലേക്ക് വീണു. മലങ്കര, തുടങ്ങനാട്, ശങ്കരപ്പളളി പ്രദേശങ്ങളിൽ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ കടപുഴകി നാശം സംഭവിച്ചിട്ടുണ്ട്. കനത്ത മഴ പെയ്‌തതിനെ തുടർന്ന് സ്‌കൂട്ടറിൽ വന്ന വ്യക്തി ശങ്കരപ്പള്ളിയിൽ വെയ്റ്റിങ്ങ് ഷെഡിൽ കയറി നിന്നപ്പോൾ റോഡരുകിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് സ്കൂട്ടറിന് നാശനഷ്മുണ്ടായി..