
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ ബംഗ്ലാംകുന്ന് എടനാട്ട് പുരയിടത്തിൽ വിനീഷ് വിജയനെയാണ് (39) സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പെൺകുട്ടിയുടെ മാതാവടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.
2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരനും കുമാരമംഗലം സ്വദേശിയുമായ ബേബി എന്ന് വിളിക്കുന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്. വാക്ക് വിശ്വസിച്ച പെൺകുട്ടിയെ ഇയാൾ വൻ തുക വാങ്ങി പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു. പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ബേബിയെ തേടി മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഇവിടേക്കെത്തി. രണ്ട് മാസം മുമ്പ് വരെ പീഡനം തുടർന്നു. ഇതിനിടെ പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയായതും പീഡനമേറ്റതും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത് വന്നത്.