മുട്ടം: കഞ്ചാവ് കടത്തിയതിന് വ്യത്യസ്ത കേസുകളിലെ രണ്ട് പ്രതികൾക്ക് നാല് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കാന്തല്ലൂർ ആറാം വാർഡിൽ 217-ാം നമ്പർ വീട്ടിൽ രാമകൃഷ്ണൻ (31), തിരുവല്ല പരുമല ഭാഗത്ത് തെക്കേതിൽ വീട്ടിൽ ശിവപ്രസാദ് (38) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഇരുവരും ഒരു വർഷം വീതം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ആഗസ്റ്റ് ഒന്നിനാണ് ചിന്നാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 1.18 കിലോ ഗ്രാം കഞ്ചാവുമായി രാമകൃഷ്ണൻ മൂന്നാർ എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന രാജീവ് ബി. നായരുടെയും സംഘത്തിന്റെയും പിടിയിലായത്. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള കംഫർട്ട് സ്റ്റേഷന് മുന്നിൽ 1.1 കിലോ ഗ്രാം കഞ്ചാവുമായി 2017 സെപ്തംബർ 18 നാണ് ശിവപ്രസാദിനെ പിടികൂടിയത്. കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന വി.ആർ. സജികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.