അടിമാലി: റോംഗ് സൈഡിൽ വാഹനമോടിച്ച് വന്നത് ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് നിറുത്തി ഒരു സംഘം ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ദേവികുളം റേ‌ഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനമാണ് കൂമ്പൻപാറയിൽ ഒരു സംഘം ആക്രമിച്ചത്. മാങ്കുളത്ത് നിന്ന് തിരികെ അടിമാലിയിലേക്ക് വരികയായിരുന്നു എക്സൈസ് സംഘം. കൂമ്പൻപാറയിലെത്തിയപ്പോൾ റോഡരികിൽ റോംഗ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് എക്സൈസ് വാഹനത്തിന് നേരെ വന്നു. വാഹനം വെട്ടിച്ച് മാറ്റിയതിനാൽ അപകടമുണ്ടായില്ല. തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്തതിന് അക്രമികൾ വാഹനമോടിച്ചിരുന്ന ഡ്രൈവർ തിരുവനന്തപുരം സ്വദേശി അഭിലാഷിന്റെ (33) മുഖത്ത് അടിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. വാഹനത്തിന്റെ താക്കോലും ഡ്രൈവറുടെ മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു. സാരമായി പരിക്കേറ്റ അഭിലാഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരായ സാഗർ, അനിൽകുമാർ, ബിജു, വിനീത് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അടിമാലി പൊലീസ് ആശുപത്രിയെലെത്തി മേൽനടപടികൾ സ്വീകരിച്ചു.