തൊടുപുഴ: 2022 ജൂലായിൽ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂറടി പാലത്തിന്റെ നിർമ്മാണം സംബന്ധിച്ച് ജില്ലാകളക്ടറും പഞ്ചായത്തും മനുഷ്യാവകാശ കമ്മിഷനിൽ സമർപ്പിച്ചത് വ്യത്യസ്ത റിപ്പോർട്ടുകൾ. നൂറടി പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് കമ്മിഷനെ അറിയിച്ചു. എന്നാൽ ഇറിഗേഷൻ വകപ്പിൽ നിന്ന് നിരാക്ഷേപ പത്രം ലഭിക്കുന്ന മുറയ്ക്ക് നൂറടി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് ജില്ലാ കളക്ടർ കമ്മിഷനെ അറിയിച്ചത്. പഞ്ചായത്തിന്റെയും ജില്ലാ കളക്ടറുടെയും റിപ്പോർട്ടുകളിൽ പരസ്പരം വൈരുദ്ധ്യം കാണുന്നതായി കമ്മിഷൻ ചൂണ്ടിക്കാണിച്ചു. ജനങ്ങൾക്ക് സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ബാദ്ധ്യതയുണ്ടെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. നിർമ്മാണം ആരംഭിച്ചിട്ടുള്ള ശാന്തി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മിഷൻ കോട്ടയം പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. നൂറടി പാലത്തിന്റെ പണി ആരംഭിച്ചിട്ടില്ലെങ്കിൽ ഇറിഗേഷൻ വകുപ്പിൽ നിന്ന് നിരാക്ഷേപ പത്രം എത്രയും വേഗം ലഭ്യമാക്കി പണി തുടങ്ങണമെന്നും കമ്മിഷൻ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ശാന്തി പാലത്തിന് ആറ് കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി പണി തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. നൂറടി, ശാന്തി പാലങ്ങൾ പ്രളയത്തിലാണ് തകർന്നത്. തകർന്ന നൂറടി പാലത്തിന്റെ സ്ഥാനത്ത് പഴയ പാലത്തിലെ തൂണുകൾക്ക് മുകളിലായി ഇരുമ്പ് ഗാർഡർ ഉപയോഗിച്ച് 20 ലക്ഷം രൂപ മുടക്കി ബെയ്‌ലി പാലം നിർമ്മിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.