കട്ടപ്പന: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷനും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. മന്നാൻ സമുദായത്തിൽ ഉൾപ്പെട്ട ആദിവാസികൾ അടക്കമുള്ളവർ താമസിക്കുന്ന കാഞ്ചിയാർ മുരിക്കാട്ടുകുടിയിൽ വികാസ് ഭവനിലായിരുന്നു മെഡിക്കൽ ക്യാമ്പ്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. കോവിൽമല ആദിവാസി രാജാവ് രാമൻ രാജമന്നാൻ മുഖ്യാഥിതിയായിരുന്നു. നേത്ര ചികിത്സാ രംഗത്തെ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ക്യാമ്പിലെത്തിയവരെ പരിശോധിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് വരെ നീണ്ടു നിന്ന ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. തിമിര ശസ്ത്രക്രിയ ഉൾപ്പടെ നിർദേശിക്കപ്പെട്ടവർക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ ചികിത്സ നടത്തും. മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ എം.ഡി ഫാ. തോമസ് കുര്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി, ഗ്രാമപഞ്ചായത്ത് അംഗം ലിനു ജോസ്, സാബു കോട്ടപ്പുറം, ലിറ്റിൽ ഫ്ലവർ ആശുപത്രി പ്രതിനിധികൾ, ഇടുക്കി കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.