41 മുയലുകളെ അജ്ഞാത ജീവി കൊന്നു
കട്ടപ്പന: അണക്കരയിലെ ജനവാസ മേഖലയിൽ രാത്രികാലത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാത ജീവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവം. വെള്ളിയാഴ്ച രാത്രിയിൽ മോൺഫോർട്ട് സ്കൂളിന് സമീപം കൃഷ്ണൻപറമ്പിൽ റെജി എബ്രഹാമിന്റെ വീട്ടിൽ വളർത്തിയിരുന്ന 41 മുയലുകളെ വന്യജീവി കൊന്നതോടെയാണ് ആക്രമിച്ചത് പുലിയാണെന്ന വാർത്ത വീണ്ടും നാട്ടിൽ പരന്നത്. കഴിഞ്ഞ ബുധനാഴ്ച മലങ്കര കത്തോലിക്ക പള്ളിയുടെ സമീപമുള്ള പശു ഫാമിൽ നിന്നിരുന്ന പശുക്കിടാവിനെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു. കന്നുകാലിയെ ആക്രമിച്ചത് പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് അന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു സമീപത്ത് തന്നെയാണ് 29ന് രാത്രിയിൽ വളർത്തു മുയലുകളും ആക്രമിക്കപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെജിയുടെ വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൂട്ടിൽ കിടന്ന മുയലുകളെ പുലിയെന്ന് സംശയിക്കുന്ന ജീവി പിടികൂടിയത്. ശബ്ദം കേട്ട് ഉണർന്ന കുടുംബാംഗങ്ങൾ പുറത്ത് ലൈറ്റ് തെളിയിച്ചതോടെ ജീവി ഓടി മറഞ്ഞു. ഇന്നലെ രാവിലെ വണ്ടൻമേട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 41 മുയലുകളിൽ ഏതാനും എണ്ണത്തിനെ കൂടിന് സമീപത്തും മറ്റുള്ളവയെ സമീപത്തെ ഏലത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലുമാണ് കണ്ടത്. ഈ പരിസരത്തെ വീടുകളിൽ വളർത്തുമൃഗങ്ങൾ ധാരാളമുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. വന്യമൃഗത്തിന്റെ ആക്രമണം ഉണ്ടായിട്ടും ആശങ്ക പരിഹരിക്കാൻ ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.
പൂച്ചപ്പുലിയെന്ന് വനംവകുപ്പ്
വളർത്തുമൃഗങ്ങളെ കൊലപ്പെടുത്തുന്നത് പൂച്ചപ്പുലിയാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. കഴിഞ്ഞ വർഷവും ഈ മേഖലയിൽ പൂച്ചപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആറ് കിലോമീറ്റർ അകലെയുള്ള തമിഴ്നാട് വനത്തിൽ നിന്നാകാം പൂച്ചപ്പുലി എത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.