തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോതമംഗലം പനംങ്കര മാവുംതൊട്ടി ആലുങ്കൽ വീട്ടിൽ എ.എസ്. അൻസാറിനെയാണ് (24) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. ബോഡിമെട്ട് എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് രണ്ട് കിലോ ഗ്രാം കഞ്ചാവുമായി അൻസാർ പിടിയിലായത്. ബോഡിമെട്ട് എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന സാബു ആർ. ചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.ജി. ടോമിയാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.