പീരുമേട്: മനുഷ്യാവകാശ പ്രവർത്തകനും അന്താരാഷ്ട്ര സമാധാന സംഘടനയുടെ അംഗവും കൂടിയായ ഗിന്നസ് മാടസാമിയുടെ ആദ്യ രചനയായ 'തലക്കെട്ടില്ലാത്ത പുസ്തകം' രണ്ടിന് പ്രകാശനം ചെയ്യും. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബുവിന്റെ അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പുസ്തകം നൽകി വാഴൂർ സോമൻ എം.എൽ.എ പ്രകാശനകർമ്മം നിർവഹിക്കും. ലോക സമാധാനത്തിന്റെ സാദ്ധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ ഉൾക്കാഴ്ചകൾ, മനുഷ്യ മുഖം പതിപ്പിച്ച സുസ്ഥിര വികസന പ്രക്രിയകൾ, ഭാവി ലോകത്തിന്റെ നിലനിൽപ്പ്, യുവ തലമുറയ്ക്ക് ആവശ്യമായ പ്രചോദനങ്ങൾ, ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ചിന്തകളെ ആസ്പദമാക്കിയാണ് പുസ്തകം രചിച്ചിട്ടുള്ളത്. ഒരു പുസ്തകത്തിൽ തന്നെ തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് വിഷയങ്ങൾ പ്രതിബാധിച്ചിട്ടുള്ളത്.
ഇരു ഭാഷകളിൽ പുറത്തിറങ്ങുന്ന ലോകത്തെ ആദ്യത്തെ പ്രചോദനാത്മക പുസ്തകം എന്ന വിശേഷണം കൂടി ഈ രചനയ്ക്കുണ്ടെന്ന് ഗ്രന്ഥകർത്താവായ ഡോ. ഗിന്നസ് മാടസാമി അവകാശപ്പെട്ടു. നിലവിൽ പീരുമേട് പോസ്റ്റ് മാസ്റ്ററും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ക്ലൈമറ്റ് പാക്ട് എന്നിവയുടെ ഇന്ത്യയിലെ അംബാസിഡർ കൂടിയാണ് മാടസാമി.