തൊടുപുഴ: കഞ്ചാവ് ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ അയൽവാസിയായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷം. നെടുങ്കണ്ടം ചതുംരംഗപ്പാറ നമരി ഭാഗം സ്വദേശി പാണ്ടിരാജിനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവനുഭവിക്കണം. 2018 ഏപ്രിൽ 24ന് ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം. പ്രതി പാണ്ടിരാജ് സുഹൃത്തായ രാമറിനോട് കഞ്ചാവ് ബീഡി ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് പ്രകോപിതനായ പാണ്ടിരാജ് റോഡ് സൈഡിൽ കിടന്ന കമ്പ് എടുത്ത് രാമറിനെ മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാമർ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. സംഭവത്തിൽ ദൃക്സാക്ഷികളായ അയൽവാസികളുടെ മൊഴികളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സഹായകരമായി. വൈദ്യ പരിശോധനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശാന്തൻപാറ സി.ഐമാരായിരുന്ന ടി.ആർ പ്രദീപ്കുമാർ, എസ്. ചന്ദ്രകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.