കരിങ്കുന്നം: എസ്.എൻ.ഡി.പി യോഗം കരിങ്കുന്നം ശാഖയിലെ ശാസ്താംപാറ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ അഷ്ഠബന്ധ നവീകരണവും ധ്വജപ്രതിഷ്ഠയും ഇന്ന് മുതൽ ആറ് വരെ നടക്കും. ഇതോടനുബന്ധിച്ച് ഗണപതി പ്രതിഷ്ഠയും ബലിക്കല്ല് പ്രതിഷ്ഠയും ബലിപ്പുരയും നമസ്‌കാര മണ്ഡപവും ചുറ്റമ്പല സമർപ്പണ ചടങ്ങളും നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൊന്നാരിമംഗലം പവനേഷ് കുമാറും ക്ഷേത്രം മേൽശാന്തി ഡോ. എം.എസ്. ബിജുവും മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗുരുപൂജ, ആറ് മുതൽ ഗണപതി ഹോമം, ഭഗവത്‌സേവ, മൃത്യുഞ്ജയഹോമം, സുദർശന ഹോമം, വൈകിട്ട് 5.30ന് നടതുറക്കൽ, ഗുരുഗണപതി പൂജ, ആചാര്യവരണം, പ്രസാദശുദ്ധി, മുളയിടൽ, അത്താഴപൂജ എന്നിവ നടക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ, രാത്രി ഏഴിന് ഭജന, രണ്ടിന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5.30ന് വിശേഷാൽ ദേവിക്ക് പത്മമിട്ട് ദേവീപൂജ, മൂന്നിന് രാവിലെ പതിവ് പൂജകൾ, ശാന്തിഹവനം, നാലിന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5.30ന് താഴികക്കുട പ്രതിഷ്ഠ, ശിവപാർവ്വതി പൂജ, മുളപൂജ, അഞ്ചിന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5.30 മുതൽ കലശപൂജകൾ, ഗണപതിയുടെ ജീവകലപൂജ, ശയ്യാപൂജ, ബ്രഹ്മകലശപൂജ, അധിവഹോമം, രാത്രി ഏഴിന് ഭജന, ആറിന് രാവിലെ പതിവ് പൂജകൾ, 11.53നും 12.16 നും മദ്ധ്യേ ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കും. തുടർന്ന് പ്രസാദഊട്ട് നടക്കും. വൈകിട്ട് ഏഴിന് സമർപ്പണ സമ്മേളനം നടക്കും. പ്രസിഡന്റ് മോഹനൻ തടത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗം ബോർഡ് മെമ്പർ ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. ശ്രീമദ് മഹാദേവാനന്ദസ്വാമി (ശിവഗിരിമഠം) അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൊന്നാരിമംഗലം പവനേഷ്‌കുമാർ സന്ദേശം നൽകും. ധ്വജപ്രതിഷ്ഠയും ചുറ്റമ്പല സമർപ്പണവും യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ നിർവഹിക്കും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി, ക്ഷേത്രം മേൽശാന്തി ഡോ. എം.എസ്. ബിജു, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ്, കരിങ്കുന്നം പഞ്ചായത്ത് മെമ്പർ സ്വപ്ന ജോയൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ശരത് ചന്ദ്രൻ, നിർമ്മാണ കമ്മിറ്റി കൺവീനർ രണേന്ദ്രൻ പാമ്പ്രയിൽ എന്നിവർ സംസാരിക്കും. സെക്രട്ടറി സി.കെ. സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി നമ്പീരാത്ത് നന്ദിയും പറയും. യോഗത്തിന് ശേഷം പ്രസാദ ഊട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. 8.30ന് ഭക്തി ഗാനസുധയുണ്ടാകും.