thushar
ചുരുളി എസ്.എൻ.യു.പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുന്നു

ചെറുതോണി: ഗുരുദേവ ദർശനങ്ങൾ ഉൾക്കൊണ്ടത് മൂലമുണ്ടായ പ്രചോദനമാണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് ആധാരമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചുരുളി എസ്.എൻ.യു.പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും ആധാരം വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയാണ്. വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവ കൽപനയ്ക്ക് കാലിക പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് പുതിയ കാലഘട്ടത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ കോഴ്‌സുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുന്നത്. നല്ല നിലയിലുള്ള ഭൗതികസാഹചര്യങ്ങൾ ഇതിന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ചുരുളിയിലെ അപ്പർ പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഹൈറേഞ്ച് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മറയൂരിൽ 'പടയപ്പ" എന്ന കാട്ടാനയുടെ മുന്നിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ സാഹസികമായി രക്ഷിച്ച ബാബുവിനെ തുഷാർ വെള്ളാപ്പള്ളി അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനും ചുരളി ശാഖാ പ്രസിഡന്റുമായ പി.കെ. മോഹൻദാസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. എസ്.എൻ.ഡി.പി യോഗം സ്‌കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ വിദ്യാഭ്യാസ സന്ദേശം നൽകി. യോഗത്തിൽ ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ്, കഞ്ഞിക്കുഴി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽബം, യോഗം ഡയറക്ടർ ബോർഡ് അംഗം സി.പി. ഉണ്ണി,​ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ അനീറ്റ് ജോഷി, യോഗം ഇടുക്കി യൂണിയൻ കൗൺസിലർമാരായ അനീഷ് പച്ചിലാകുന്നേൽ, മനേഷ് കുടിക്കയത്ത്, എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് കോട്ടൂർ, സ്വാഗത സംഘം കൺവീനർ എം.എൻ. ഷൺമുഖദാസ്, ചുരുളി ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. പ്രസാദ്, കീരിത്തോട് ശാഖാ പ്രസിഡന്റ് ടി.എം. ശശി, സെക്രട്ടറി വിജയൻ കല്ലുതുണ്ടിയിൽ,​ യൂണിയൻ വനിതാ സംഘം സെക്രട്ടറി മിനി സജി, പി.ടി.എ പ്രസിഡന്റ് കലേഷ് രാജു, വൈസ് പ്രസിഡന്റ് പി.ജി. മണിക്കുട്ടൻ,​ വിദ്യാർത്ഥി പ്രതിനിധി കീർത്തന കലേഷ് എന്നിവർ സംസാരിച്ചു. ടീച്ചർ ഇൻചാർജ്ജ് വി.എസ്. പ്രകാശ് നന്ദി പറഞ്ഞു.