നീലേശ്വരം: 2019 ൽ തുടങ്ങിയ റോഡ് പണി 2022 ആയിട്ടും ഇഴഞ്ഞ് നീങ്ങുകയാണ്. 2019 ഫെബ്രുവരിയിലാണ് കരാറുകാരൻ ടെണ്ടർ എടുത്തത്. 18 മാസം കൊണ്ട് പൂർത്തീകരിക്കേണ്ടതായിരുന്നു. കോടികളുടെ പ്രവൃത്തിയാണ് ഇത്രയും വർഷമായി കരാറുകാരനും വകുപ്പ് മേധാവികളും തമ്മിൽ ഒത്തുകളിച്ച് യാത്രക്കാരെ വെല്ലുവിളിക്കുന്നതെന്നാണ് ആക്ഷേപം.

കഴിഞ്ഞ മാസമാണ് നീണ്ട മുറവിളിക്ക് ശേഷം കരാറുകാരൻ പാലാത്തടം കാമ്പസ് മുതൽ നരിമാളം വരെ റോഡ് കിളച്ചിട്ടത്. പണി തുടങ്ങുമ്പോൾ മാർച്ച് 31നകം കിളച്ചിട്ടഭാഗം റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് തരുമെന്നായിരുന്നു കരാറുകാരനും പൊതുമരാമത്ത് എൻജിനീയറും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇത്രയും ദിവസമായി കിളച്ചിട്ട റോഡിന്റെ ഇരുഭാഗത്തുമുള്ള കച്ചവടക്കാരും, വീട്ടുകാരും പൊടി തിന്നതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പൊടി പാറുന്നതിന് വെള്ളം തെളിക്കുന്ന ഏർപ്പാടുമില്ല.

ജനങ്ങൾ കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്നതിനാൽ ഒരു പരിധി വരെ രോഗമല്ലാതെ പിടിച്ച് നിൽക്കുന്നു. റോഡിന്റെ ഇരുവശമുള്ള കച്ചവടക്കാരും വീട്ടുകാരും പൊടിപാറാതിരിക്കാൻ പ്ലാസ്റ്റിക്ക് കെട്ടിമറച്ചിരിക്കയാണ്. കച്ചവടക്കാർക്കാണെങ്കിൽ കഴിഞ്ഞ ഒന്നര മാസമായി കച്ചവടമൊന്നും നടക്കുന്നുമlല്ല.

മൂന്ന് മാസം കൊണ്ട് തീരുമോ?

വരുന്ന ജൂൺ 30 വരെയാണ് കരാറുകാരന് റോഡ് പണി തീർക്കാൻ അവസാനമായി കരാർ നീട്ടികൊടുത്തത്. 3 വർഷം കൊണ്ട് തീർക്കാൻ പറ്റാത്ത റോഡ് പ്രവൃത്തി 3 മാസം കൊണ്ട് തീരുമോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഈ മഴക്കാലത്തും ഇടത്തോട് റോഡിലെ യാത്രക്കാർക്ക് ചെളിവെള്ളത്തിൽ കൂടി യാത്ര അവസ്ഥയാണ് ഉണ്ടാവുക.

അതുപോലെ കോൺവെന്റ് വളവ് മുതൽ താലുക്ക് ആശുപത്രി വരെയുള്ള റോഡിന്റെ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം നീണ്ടു പോവുകയാണ്.