
കണ്ണൂർ : മൂന്നര പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം തകർന്നടിഞ്ഞ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, ദേശീയ അടിത്തറ ശക്തിപ്പെടുത്തുന്നതിന് 'കേരള മോഡൽ' പരീക്ഷിക്കാൻ സി.പി.എം. കണ്ണൂരിൽ ആറിന് തുടങ്ങുന്ന പാർട്ടി കോൺഗ്രസിൽ ഇതു സംബന്ധിച്ച് നയരേഖ രൂപപ്പെടുമെന്നാണ് സൂചന.
പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമെന്ന നിലയിൽ കേരളം ചർച്ച ചെയ്യുന്ന വികസന രേഖ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകരിലും പുതിയ അവബോധം സൃഷ്ടിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 34 വർഷം തുടർ ഭരണം നടത്തിയ ബംഗാളിൽ ഇടതുപക്ഷത്തിന് ഇന്ന് നിയമസഭയിൽ ഒരു എം.എൽ.എ പോലുമില്ലാതായതിന് കാരണം, സാധാരണ ജനങ്ങളെ വിസ്മരിച്ചതാണെന്ന് പാർട്ടി കേരള നേതൃത്വം കരുതുന്നു.
ചുവടു മാറ്റമല്ല
പ്രഖ്യാപിത, സാമ്പത്തിക രാഷ്ട്രീയ നയങ്ങളിൽ നിന്നുള്ള പ്രകടമായ ചുവട് മാറ്റമായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ദേശീയതലത്തിൽ സംസ്ഥാന ഘടകത്തിന്റെ വികസനരേഖയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അതിൽ ഇടപെടാനും പരിഹാരം കാണാനുമുള്ള പ്രവർത്തനത്തിലൂടെ മാത്രമേ വികസനം സാദ്ധ്യമാക്കാനാവൂ എന്ന ആശയമായിരിക്കും കേരളം മുന്നോട്ട് വയ്ക്കുന്നത്. നയരേഖയിൽ പറയുന്ന ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ മേഖലകളിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകരും തയ്യാറായാൽ മാത്രമേ സംഘടന ശക്തിപ്പെടുത്താൻ കഴിയൂ എന്നാണ് വാദം.
താരം പിണറായി
കോൺഗ്രസ് ബന്ധം, വികസന ലൈൻ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ പാർട്ടിയുടെയും ഭരണനേതൃത്വത്തിന്റെയും നിലപാടുകൾക്ക് ദേശീയതലത്തിൽ അംഗീകാരം തേടുമ്പോൾ, തുടർച്ചയായി രണ്ട് തവണ ഭരണം നേടിയ പിണറായി വിജയൻ തന്നെയായിരിക്കും ഇത്തവണ പാർട്ടി കോൺഗ്രസിലെ താരം.