athikoth-ac-nagar-kutivel
ആവലാതികളൊഴിയാതെ അത്തിക്കോത്ത് കോളനി

പട്ടയമില്ലാതെ നാൽപതോളം കുടുംബങ്ങൾ

കാഞ്ഞങ്ങാട്: നഗരസഭയിലെ ഒമ്പതാം വാർഡിൽപ്പെടുന്ന അത്തിക്കോത്ത് എ.സി നഗർ കോളനിയിലെ ജനങ്ങൾക്ക് പറയാൻ ആവലാതികൾ മാത്രം. കുടിവെള്ളം മുതൽ കിടപ്പാടം വരെ നൂറുകൂട്ടം ദുരിതങ്ങൾക്ക് നടുവിലാണ് കോളനിക്കാർ. 32 കുട്ടികൾ പഠിക്കുന്ന അങ്കണവാടി പരിമിതമായ സ്ഥലത്താണ്. ഈ വളവിലുള്ള പഴയ കെട്ടിടം പൊളിച്ച് നീക്കിയാൽ കളി സ്ഥലം ഒരുങ്ങും.

നാൽപതോളം കുടുംബങ്ങൾക്ക് പട്ടയം പോലുമില്ല. റീസർവേ കഴിഞ്ഞപ്പോൾ മൂന്ന് കുടുംബങ്ങളുടെ സ്ഥലത്തിന് പുതിയ അവകാശികളുമായി. ഇതോടെ ഇവർ കുടിയിറക്ക് ഭീഷണിയിലാണ്. പുറമ്പോക്കിൽ തറകെട്ടി പട്ടയം കാത്തിരിക്കുന്നവരാണ് ഏറെയും. കോളനിയുടെ മുകളിൽ പാറമ്മേലിൽ താമസിക്കുന്നവർക്ക് റോഡ് സൗകര്യവുമില്ല.
മാവിലൻ സമുദായത്തിൽ പെട്ട 130 കുടുംബങ്ങൾക്കായി ഇവിടെയുള്ളത് 10,000 ലിറ്ററിന്റെ ടാങ്കാണ്. ഇതാകട്ടെ ആർക്കും തികയുന്നുമില്ല. ഉയരം കുറവായതിനാൽ കുന്നിന് മുകളിൽ താമസിക്കുന്നവർക്ക് പ്രയോജനപ്പെടുന്നില്ല. പാറയുടെ മുകളിൽ ടാങ്ക് കെട്ടിയാൽ നന്നാകുമെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് മൂന്ന് പൊതുകിണറുകളുണ്ട്.
വിദ്യാഭ്യാസ രംഗത്തും പിന്നാക്കാവസ്ഥയാണ്. കമ്മ്യൂണിറ്റി ഹാൾ വേണമെന്ന ആവശ്യത്തിന് പത്ത് വർഷത്തെ പഴക്കമുണ്ട്. നഗരത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഗ്രാമത്തിന്റെ വികസനം പോലും ഈ പ്രദേശത്ത് എത്തിയിട്ടില്ല.



അത്തിക്കോത്ത് എ.സി നഗർ കോളനിയിൽ കുടിവെള്ള പ്രശ്നമുണ്ട്. വാർഡിൽ മൂന്ന് കുടിവെള്ള പദ്ധതികളുണ്ടെങ്കിലും മാർച്ച് ആകുമ്പോഴേക്കും വെള്ളം കിട്ടാക്കനിയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും വാർഡിലുണ്ട്. ഇതുവഴി മുടങ്ങാതെ വെള്ളം കിട്ടുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളമെത്തുന്നത്. തന്റെ വീട്ടിലുൾപ്പെടെ വെള്ളത്തിന് പ്രയാസപ്പെടുന്നുണ്ട്.

വാർഡ് കൗൺസിലർ പി.സൗദാമിനി

കോളനിയിൽ മൂന്ന് കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. അത്തിക്കോത്ത്, മൈക്കാനം തുടങ്ങിയവയാണ് പദ്ധതികൾ. അങ്കണവാടിക്ക് വലിയ പ്രയാസമുണ്ടെന്ന് തോന്നുന്നില്ല. കുട്ടികൾക്ക് കളിക്കാനും മറ്റും ഇവിടെ സൗകര്യമുണ്ട്. തുടർ നടപടികൾ ഇല്ലാതിരുന്നതിനാൽ തീയ്യനെകൊത്തിമൂലയിലെ കുടിവെള്ള പദ്ധതി ലാപ്സ് ആകുകയായിരുന്നു.

മുൻ കൗൺസിലർ ടി.വി.അജയകുമാർ

അത്തിക്കോത്ത് എ.സി നഗർ കോളനിയിലെ കുടിവെള്ള ടാങ്ക്