cpm

കണ്ണൂർ: ആദ്യമായെത്തുന്ന പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ രാജ്യത്ത് സി.പി.എമ്മിന്റെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂർ ഒരുങ്ങി. മൂന്നു നാൾ കൂടി കഴിഞ്ഞാൽ സി.പി.എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനത്ത് ചരിത്രപ്പിറവിയാകും. അരയും തലയും മുറുക്കി 61000 പാർട്ടി കാഡറുകളാണ് കോൺഗ്രസിനെ ചരിത്രവിജയമാക്കാൻ രാപകലില്ലാതെ പ്രയത്നിക്കുന്നത്.

ജില്ലയിലെ ഓരോ പാർട്ടി അംഗത്തിനും എന്തെങ്കിലുമായി ഉത്തരവാദിത്വം ഏൽപ്പിച്ചാണ് പാർട്ടിയുടെ പരമോന്നത സമ്മേളനം വിജയിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്.ഇതിനൊപ്പം അനുഭാവി ഗ്രൂപ്പുകളും സാധാരണ പ്രവർത്തകരുമൊക്കെ ആകുമ്പോൾ സംഘാടകരുടെ അംഗസംഖ്യ ഇതിലും കവിയും.

കഴിഞ്ഞ സമ്മേളനത്തിനു ശേഷം 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും പുതുതായി വന്നു. ഒപ്പം 296 അനുഭാവി ഗ്രൂപ്പുകളും 1710 അനുഭാവികളുമുണ്ട്. ജില്ലയിലെ പാർട്ടി അംഗങ്ങളിൽ 27 ശതമാനം വനിതകളാണ് (16683)​.

167 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. രണ്ടിടത്ത് ലോക്കൽ കമ്മിറ്റികളെ നയിക്കുന്നതും വനിതകളാണ്.

വർഗബഹുജന സംഘടനകൾ കൂടിയാകുമ്പോൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം ലക്ഷങ്ങളാകും.പാർട്ടിയുടെ കരുത്തിനൊപ്പം താഴെത്തട്ടിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ് പാർട്ടി കോൺഗ്രസിന്റെ അനുബന്ധപരിപാടികളിലെ ജനങ്ങളുടെ പങ്കാളിത്തം.

നോർത്ത് പർഗാനാസ് ചുരുങ്ങി;

കണ്ണൂർ തിളങ്ങി

കണ്ണൂരിൽ സി.പി.എമ്മിന് 61,668 അംഗങ്ങളുണ്ട് . ബംഗാളിലെ നോർത്ത് പർഗാനസ് നേരത്തെ അംഗങ്ങളുടെ എണ്ണത്തിൽ മുന്നിൽ. ഇന്ന് അവിടെ നാലിലൊന്ന് പോലും അംഗങ്ങളില്ല. കണ്ണൂരിൽ കേഡർമാരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ഹൈദരബാദ് പാർട്ടി കോൺഗ്രസിനു ശേഷം 60749 അംഗങ്ങളുടെ വർദ്ധനയാണ് സംസ്ഥാനത്തുണ്ടായത്. അതിൽ പത്തു ശതമാനം കണ്ണൂരിലാണ്. 4305 ബ്രാഞ്ചുകളും 241 ലോക്കൽ കമ്മിറ്റികളും 18 ഏരിയാ കമ്മിറ്റികളുമടങ്ങുന്നതാണ് കണ്ണൂരിലെ ഘടകം.

സി.പി .എമ്മിന്റെ രാജ്യത്തെ ഏറ്റവും കരുത്തുറ്റ ജില്ലഘടകമാണ് കണ്ണൂർ. പലവിധ കടന്നാക്രമണങ്ങളെയും വളവ് തിരിവുകളെയും അതിജീവിച്ചാണ് രാജ്യത്തെ ഏറ്റവും സുശക്തമായ പാർട്ടി ഘടകമായി മാറിയത്. അംഗസംഖ്യയിൽ മാത്രമല്ല, ബഹുജനസ്വാധീനത്തിലും കണ്ണൂരാണ് രാജ്യത്തെ ജില്ലകളിൽ നമ്പർ വൺ. അവിഭക്ത കണ്ണൂർ ജില്ലയുടെ, വടക്കെ മലബാറിന്റെ വിപ്ലവപാരമ്പര്യത്തിൽ നിന്നാണ് ഇവിടെ ചെങ്കൊടി വാനിൽ ഉയർന്നുപാറിയത്-

എം.വി.ജയരാജൻ, സി.പി. എം ജില്ലാ സെക്രട്ടറി