ദേവസ്വം ബോർഡിന്റെ ലഘുലേഖയ്ക്ക് മറുപടിയുമായി സേവാസമിതി
തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര കോമ്പൗണ്ടിലെ സേവാസമിതി ഓഫീസിന്റെ പൂട്ടിന് മുകളിൽ സ്വന്തം നിലയിൽ പൂട്ടിട്ട് ദേവസ്വംബോർഡ്. പിന്നാലെ ഒരാഴ്ചക്കുള്ളിൽ ഓഫീസും അനുബന്ധസാധനങ്ങളും കൈമാറാൻ ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സേവാസമിതിക്ക് വീണ്ടും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ക്ഷേത്ര കോമ്പൗണ്ടിലെ സേവാസമിതിയുടെ പൂട്ടിന് മുകളിലാണ് ടി.ടി.കെ ദേവസ്വം പുതിയ പൂട്ടിട്ടത്. കൂടാതെ സേവാസമിതി സ്ഥാപിച്ച ബോർഡുകളും എടുത്തു മാറ്റി. ഇതിൽ നടപന്തലിന് മുകളിൽ സ്ഥാപിച്ച ബോർഡുകളും ഉൾപ്പെട്ടിട്ടുണ്ട്. ടി.ടി.കെ ദേവസ്വം അധികൃതർ സേവാസമിതിക്കെതിരെ ഇറക്കിയ ലഘുലേഖയ്ക്ക് മറുപടിയുമായി സേവാസമിതിയും കഴിഞ്ഞദിവസം ലഘുലേഖ ഇറക്കിയിരുന്നു.
ക്ഷേത്രത്തിൽ സഹസ്രകലശ ത്തിന് പകരം ചിലവ് കുറഞ്ഞ ദ്രവ്യകലശം നടത്തിയെന്ന് സേവാസമിതി ലഘുലേഖയിൽ ആരോപിച്ചിരുന്നു. പിണ്ഡസമർപ്പണത്തിന് 150 ഇടാക്കിയിട്ടും പായസം നൽകാത്തതും മുടങ്ങിയ അന്നദാനത്തിന് ഇപ്പോഴും പണം വാങ്ങുന്നതായും സമിതി കുറ്റപ്പെടുത്തിയിരുന്നു. നിയമനങ്ങളിൽ മാനദണ്ഡം പാലിക്കാറില്ലെന്ന ആക്ഷേപവും സമിതി ദേവസ്വം ബോർഡിനെതിരെ ഉന്നയിച്ചിട്ടുണ്ട്.