പഴയങ്ങാടി:മാടായി ചൈനാക്ലേ റോഡിൽ ഗണപതി മണ്ഡപത്തിന് സമീപത്തെ ശ്രീപോർക്കലി സ്റ്റീൽസിന്റെ സാധനവുമായി പോകുന്ന വാഹനം തടഞ്ഞു നിർത്തി നാല് ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.ഏഴോം നെരുവമ്പ്രറത്തേക്ക് ലോഡുമായി പോയ വാഹനം നെരുവമ്പ്രം സെന്ററിൽ വച്ചാണ് ഏഴോളം പേരടങ്ങിയ സംഘം വാഹനം തടഞ്ഞ് കാറ്റഴിച്ചു വിട്ടതെന്ന് ഡ്രൈവർ പറഞ്ഞു.
സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിലുള്ള സമരം തുടരുകയാണ്.കടക്ക് മുന്നിൽ സത്യാഗ്രഹവും സമരവും പാടില്ലെന്ന തളിപ്പറമ്പ് മുൻസിഫ് കോടതിയുത്തരവിന്റെയും കടയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കട വീണ്ടും തുറന്നത്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചാണ് കടയിൽ കയറ്റിറക്ക് നടത്തുന്നത്. കടയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതെ സമയം വാഹനത്തിന്റെ ടയറുകളുടെ കാറ്റ് അഴിച്ച് വിട്ട സംഭവത്തിൽ പങ്കില്ലെന്ന് ചുമട്ടുതൊഴിലാളികൾ പറഞ്ഞു.