അഴീക്കോട്: പാപ്പിനിശ്ശേരിയിൽ ഉന്നത നിലവാരമുള്ള ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചു. 4.89 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായി ഉത്തരവിറങ്ങിയത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. കെ.വി സുമേഷ് എം.എൽ.എ നിയമസഭയിൽ ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് സബ്മിഷൻ ഉന്നയിച്ചിരുന്നു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പെട്ടെന്ന് തന്നെ പരിഗണിക്കാമെന്ന് നിയമസഭയിൽ ഉറപ്പു നൽകി. ധനകാര്യവകുപ്പ് മന്ത്രിയെ എം.എൽ.എ നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്‌റ്റേഡിയം ഒരുക്കുക. കായിക വകുപ്പ് എൻജിനിയറിംഗ് വിഭാഗം മണ്ണ് പരിശോധന ഉൾപ്പെടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു. കായിക വകുപ്പിന് കീഴിൽ ആരംഭിച്ച സ്‌പോട്‌സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. ഇൻഡോർ സ്‌റ്റേഡിയത്തിനൊപ്പം കായിക ഉപകരണങ്ങളും ഫിറ്റ്‌നസ് ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. 2023 ൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എസ്‌റ്റിമേറ്റ്, ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണപ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു.