തൃക്കരിപ്പൂർ: പിലിക്കോട് വയൽ ഗവ. വെൽഫെയർ എൽ.പി. സ്‌കൂൾ ശതാബ്ദിയാഘോഷം ഏപ്രിൽ മുതൽ ഡിസംബർ വരെ വിവധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന സമ്മേളനം, ഘോഷയാത്ര, വിദ്യാഭ്യാസ സെമിനാർ, കുടംബസംഗമം, നാടൻ കലാമേള, പൂരക്കളി, മറുത്തുകളി, പൂർവ വിദ്യാർഥി സംഗമം, സ്നേഹാദരം, ഗുരുവന്ദനം, കലാകായികമേള, സാഹിത്യരചനാ മത്സരം, നാട്ടുചന്ത, സമൂഹ സദ്യ, സമാപന സമ്മേളനം തുടങ്ങി നൂറു പരിപാടികൾ സംഘടിപ്പിക്കും. ശതാബ്ദിയാഘോഷം നാലിന് വൈകുന്നേരം നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷനാകും. രവി ഏഴോം സാംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ, അങ്കണവാടി കുട്ടികൾ ചേർന്ന് കലാപരിപാടി അരങ്ങേറും.

ഉച്ചയ്ക്ക് രണ്ടിന് പിലിക്കോട് ഗവ. യു.പി.സ്‌കൂൾ കേന്ദ്രീകരിച്ച് വെൽഫെയർ എൽ.പി.സ്‌കൂളിലേക്ക് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, പി.ടി.എ. പ്രസിഡന്റ് വി.എം ഷാജി, പ്രഥമാദ്ധ്യാപകൻ പി. രമേശൻ, ടി. പ്രദീപൻ, എ.വി. കുഞ്ഞികൃഷ്ണൻ, ടി. രാജൻ, പി.വി. സുധാകരൻ, കെ.വി. രാഘവൻ, എം. മാധവൻ എന്നിവർ സംബന്ധിച്ചു.