marathon
സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന വനിതകളുടെ മിനി മാരത്തൺ

കണ്ണൂർ: ആറു മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രചരണാർത്ഥം ഇന്നലെ നടന്ന വനിതകളുടെ മിനി മാരത്തോൺ കണ്ണൂർ നഗരത്തിന്‌ ആവേശമായി. 23 വനിതകളാണ്‌ മാരത്തണിൽ അണിനിരന്നത്‌. കണ്ണൂർ കൃഷ്‌ണമോനോൻ സ്‌മാരക വനിതാ കോളേജ്‌ പരിസരത്ത്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ധ്യാൻചന്ദ്‌ പുരസ്‌കാര ജേതാവ്‌ കെ.സി. ലേഖ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ കെ.കെ.പവിത്രൻ, പി. സന്തോഷ്‌, വയക്കാടി ബാലകൃഷ്‌ണൻ, അരക്കൻ ബാലൻ, പോത്തോടി സജീവൻ, പി.പ്രശാന്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

തെക്കീ ബസാർ, കാൾടെക്‌സ്‌ ജംഗ്ഷൻ, പൊലീസ്‌ മൈതാനി, സ്‌റ്റേഡിയം, പഴയ ബസ്‌സ്‌റ്റാൻഡ്‌, മുനീശ്വരൻ കോവിൽ, പ്ലാസ ജങ്‌ഷൻ വഴി ബർണശേരി നായനാർ അക്കാഡമിയിൽ സമാപിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എംഎൽഎ മെഡലുകൾ സമ്മാനിച്ചു.