പഴയങ്ങാടി: മാടായി ചൈനാക്ലേ റോഡിൽ ഗണപതി മണ്ഡപത്തിന് സമീപത്തെ ശ്രീപോർക്കലി സ്റ്റീൽസിന്റെ മുന്നിലുള്ള സമരം ശക്തമാക്കാൻ മാടായി ഏരിയ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂണിയൻ തീരുമാനിച്ചു. വി. വിനോദ് ചെയർമാനായും പി.വി വേണുഗോപാൽ കൺവീനർ ആയും 101 അംഗ സമരസഹായ സമിതിയും രൂപീകരിച്ചു.
ഇന്നലെ കണ്ണൂരിൽ ഡിസ്ട്രിക് ലേബർ ഓഫിസർ വിളിച്ച അനുരഞ്ജന യോഗത്തിൽ ശ്രീ പോർക്കലി സ്റ്റീൽസ് ഉടമ പങ്കെടുത്തില്ല. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള തീരുമാനം. തൊഴിൽ നിഷേധത്തിന് എതിരെ കോടതി വിധി മാനിച്ചു തന്നെ സമരം നടത്തുമെന്ന് മാടായി ഏരിയ ചുമട്ടു തൊഴിലാളി (സി.ഐ.ടി.യു) പ്രസിഡന്റ് ഐ.വി ശിവരാമൻ കേരള കൗമുദിയോട് പറഞ്ഞു.
കെ. പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ, പദ്മനാഭൻ, എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ അമ്പത്തിയാറു ദിവസമായി സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തി സമരം നടത്തി വരികയായിരുന്നു. അതിനിടെ കടയ്ക്ക് മുന്നിൽ സത്യാഗ്രഹവും സമരവും പാടില്ലെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവിടുകയും കടയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. കഴിഞ്ഞദിവസം സാധനവുമായി പുറത്തേക്ക് പോകുകയായിരുന്ന വാഹനം സംഘടിച്ചെത്തിയ ചുമട്ട് തൊഴിലാളികൾ തടഞ്ഞിരുന്നു.പൊലീസ് ഇടപെട്ടതിനെ തുടർന്ന് തൊഴിലാളികളും പൊലീസും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് ഇവരെ അറസ്റ്റുചെയ്ത് വാഹനം പോകുവാനുള്ള സൗകര്യം പൊലീസ് ഒരുക്കുകയായിരുന്നു. തൊഴിൽ നിഷേധിച്ചുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് പ്രതിഷേധാർഹമാണെന്നും, മുഴുവൻ അംഗീകൃത തൊഴിലാളി യൂണിയനുകളെയും ജനപ്രതിനിധികളെയും സർവ്വകക്ഷി നേതാക്കളെയും വിളിച്ച് സമര സഹായസമിതി രൂപീകരിക്കുമെന്നും സമരത്തിന്റെ രൂപവും ഭാവവും ഇനി മാറുമെന്നും സി.ഐ.ടി.യു. ചുമട്ട് തൊഴിലാളി യൂണിയൻ മാടായി ഏരിയ കമ്മിറ്റി പ്രസിഡന്റ് ഐ.വി. ശിവരാമൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ യോഗം ചേർന്ന് സമരസഹായ സമിതി രൂകീകരിച്ചത്. പടം:ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിൽ സമരം നടത്തുന്ന തൊഴിലാളികൾ.
Image Filename Caption