kodimaram
പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള കൊടിമരം ശില്പി ഉണ്ണിക്കാനായിയുടെ നേതൃത്വത്തിൽ ഒരുക്കുന്നു.നിർമ്മാണം നിരീക്ഷിച്ച് എം.രാജഗോപാലൻ എം.എൽ.എ സമീപം

ചെറുവത്തൂർ : കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള കൊടിമരം രക്തസാക്ഷികളുടെ മണ്ണായ കയ്യൂരിൽ ഒരുങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സമര പോരാട്ടങ്ങളെ ആലേഖനം ചെയ്ത കൊടിമരമാണ് നായനാർ നഗരിയായ നായനാർ അക്കാഡമിയിലേക്കായി ഒരുക്കിയിരിക്കുന്നത്.

കയ്യൂർ, കരിവെള്ളൂർ, മുനയൻകുന്ന്, കൊറാേം, പുന്നപ്ര വയലാർ തുടങ്ങിയ പോരാട്ടങ്ങളുടെ ചരിത്രം പ്രശസ്‌ത ശിൽപി ഉണ്ണി കനായിയും സംഘവുമാണ് തേക്കുമരത്തിൽ നിർമ്മിച്ച കൊടിമരത്തിൽ നിർമ്മിച്ചത്. തേജസ്വിനിയുടെ കരയിൽ കയ്യൂരിനോട് ചേർന്നുള്ള ചെറിയാക്കരയിലെ മൂന്ന്‌ സി.പി.എം ബ്രാഞ്ചുകളാണ്‌ 11 മീറ്റർ നീളത്തിലുള്ള കൊടിമരം ഒരുക്കാനുള്ള തേക്ക്‌ മരം നൽകിയത്‌.

സി.പി.എം കയ്യൂർ ലോക്കൽ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ മേൽനോട്ടത്തിൽ ഏഴു ദിവസം കൊണ്ടാണ് കൊടിമരം ഒരുക്കിയത്. രവീന്ദ്രൻ പുറക്കുന്ന്‌, പ്രവീൺ മുക്കോട്‌, അജയൻ എലജന്റ്‌ തുടങ്ങിയ കലാകാരൻമാരും ഉണ്ണി കാനായിക്കൊപ്പം ഇതിന്റെ നിർമ്മാണത്തിൽ പങ്കാളികളായി. തേജസ്വിനി തീരത്തെ കയ്യൂർ രക്തസാക്ഷി സ്മാരകത്തിൽ ഇന്ന് വൈകിട്ട് നാലിന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ കൊടിമരജാഥയുടെ ലീഡറും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ.ശ്രീമതിയ്ക്ക് കൊടിമരം കൈമാറും. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം കേന്ദ്രകമ്മിറ്റിയംഗം മന്ത്രി എം.വി.ഗോവിന്ദൻ കൊടിമര കൈമാറ്റചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.പി.സതീശ്‌ചന്ദ്രനാണ് ജാഥാമാനേജർ. അഞ്ചിന് രാവിലെ ഒൻപതിനാണ് കൊടിമരജാഥ പ്രയാണം തുടങ്ങുന്നത്. 200 പുരുഷ വനിത റെഡ്‌ വളണ്ടിയർ ഇരുചക്രവാഹനത്തിൽ കൊടിമര ജാഥക്ക് അകമ്പടിയേകും